ലോക്കല്‍ കമ്മിറ്റികള്‍ക്ക് ആയിരം, ജില്ലാ കമ്മിറ്റികള്‍ക്ക് പതിനായിരം; ഫേസ്ബുക്ക് ലൈക്കിനും ക്വാട്ട നിശ്ചയിച്ച് സി.പി.എം

കോഴിക്കോട്: ലോക്ക്ഡൗണ്‍ കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം ഡിജിറ്റലായതോടെ ഫേസ്ബുക്ക് പേജുകള്‍ക്ക് ലൈക്ക് കൂട്ടാന്‍ സി.പി.എം. ഫേസ്ബുക്ക് വഴിയുള്ള പ്രതിവാര പാര്‍ട്ടി പഠനക്ലാസുകള്‍ക്ക് ശനിയാഴ്ച തുടക്കമാകുന്ന സാഹചര്യത്തില്‍ ലൈക്കുകള്‍ക്ക് പാര്‍ട്ടി ക്വാട്ട നിശ്ചയിച്ചു. ഓരോ ലോക്കല്‍ കമ്മിറ്റിയും 1000 ലൈക്കുകളും പോഷക വര്‍ഗ ബഹുജന സംഘടനകളുടെ ജില്ലാ കമ്മിറ്റികള്‍ക്ക് 10,000 ലൈക്കുമാണ് ക്വോട്ട. സംസ്ഥാന കമ്മിറ്റിയുടെ പേജിനൊപ്പം ജില്ലാ, ഏരിയ, ലോക്കല്‍ കമ്മിറ്റികളുടെ പേജുകളും ലൈക്ക് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.

ഓരോ ജില്ലയ്ക്കും ലൈക്ക് ക്യാംപെയ്‌നിന് ഓരോ ദിവസം നിശ്ചയിച്ചിട്ടുണ്ട്. ഈ ദിവസം പേജിനു പരമാവധി ലൈക്ക് വര്‍ധിപ്പിക്കുകയാണു ജില്ലാ കമ്മിറ്റികളുടെ ചുമതല. കോഴിക്കോട് ജില്ലയില്‍ ഇന്നലെയായിരുന്നു എഫ്ബി ലൈക്ക് ക്യാംപെയ്ന്‍. സംസ്ഥാനത്ത് 2093 ലോക്കല്‍ കമ്മിറ്റികളാണ് സിപിഎമ്മിനുള്ളത്.

ലൈക്ക് ചെയ്യേണ്ട നാലു ഫേസ്ബുക് പേജുകളുടെയും ലിങ്ക് സഹിതം ലോക്കല്‍ കമ്മിറ്റികള്‍ തയാറാക്കിയ മെസേജുകള്‍ വാട്‌സാപ് ഗ്രൂപ്പുകള്‍ വഴി വിതരണം ചെയ്തിട്ടുണ്ട്. വിവിധ ഘടകങ്ങളുടെ ഫേസ്ബുക് പേജുകള്‍ ജില്ലാ സെക്രട്ടറിമാരുടെ വാരാന്ത്യ രാഷ്ട്രീയ അവലോകനമുള്‍പ്പെടെയുള്ള പരിപാടികളും ആരംഭിച്ചു.

നാളെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പാര്‍ട്ടി പഠന ക്ലാസ് ഉദ്ഘാടനം ചെയ്യുന്നത് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയാണ്. ശനിയാഴ്ചകളില്‍ രാത്രി 7.30 മുതല്‍ 8.30 വരെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ എഫ്.ബി പേജിലാണ് ക്ലാസ് നടക്കുക. മാര്‍ക്‌സിസത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തിലാണ് എസ്.ആര്‍.പിയുടെ ക്ലാസ്.

SHARE