കോഴിക്കോട്: തന്റെ വ്ളോഗിലെ പ്രചോദനാത്മകമായ വാക്കുകളിലൂടെ ശ്രദ്ധേയനായ ഫായിസെന്ന കൊച്ചുബാലന് തൊപ്പിധരിച്ചതിന്റെ പേരില്‍ ഫായിസിനെയും കുടുംബത്തെയും അധിക്ഷേപിച്ച് സിപിഎം സൈബര്‍ പോരാളികള്‍. ഫായിസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ കുടുംബം മനപ്പൂര്‍വ്വം തൊപ്പിധരിപ്പിച്ചുവെന്ന വര്‍ഗ്ഗീയ ചുവയോടെയാണ് സിപിഎം സൈബര്‍ പോരാളികളുടെ പ്രചരണം. എന്നാല്‍ ഒരു മതപണ്ഡിതന്റെ മകനായ ഫായിസ് സ്കൂളില്‍ വരുമ്പോള്‍ തൊപ്പിധരിക്കാറുണ്ടെന്ന് സാക്ഷ്യപ്പെടുത്തി അധ്യാപകനും രംഗത്തെത്തി.
സിപിഎം സൈബര്‍ പോരാളിയെന്ന് സ്വയം പരിചയപ്പെടുത്തുന്ന നവാസ് എന്ന വ്യക്തിയാണ് തൊപ്പിക്കെതിരെ ആദ്യം രംഗത്തെത്തിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലെ സിപിഎം പ്രവര്‍ത്തകരില്‍ പലരും ഇതിനെ പിന്തുണച്ച് ഇസ്ലാമിക വസ്ത്രധാരണത്തെ അധിക്ഷേപിച്ച് രംഗത്തെത്തി. മുസ്ലിം വിരുദ്ധത വീണുകിട്ടിയതോടെ പിന്തുണയുമായി സംഘപരിവാറും രംഗത്തുണ്ട്. പോസ്റ്റ് വിവാദമായതോടെ നവാസ് അത് പിന്‍വലിച്ച് മദ്രസകളേയും മദ്രസാ അധ്യാപകരേയും നിന്ദ്യമായി അധിക്ഷേപിക്കുന്ന പുതിയ പോസ്റ്റുമായി രംഗത്തെത്തിയിട്ടുണ്ട്. ഇസ്ലാമിനോടും ഇസ്ലാമിക മതചിഹ്നങ്ങളോടും സംഘപരിവാറിനെ കടത്തിവെട്ടുന്ന അസഹിഷ്ണുതയും വിദ്വേഷവുമാണ് സിപിഎം പാര്‍ട്ടി ക്ലാസുകളില്‍ പകര്ന്നുകിട്ടുന്നതെന്നതിന്റെ ഉത്തമ തെളിവാണ് ഫായിസെന്ന കൊച്ചുബാലന് തന്റെ പതിവ് വേഷത്തിന്റെ ഭാഗമായ തൊപ്പിധരിച്ചതിന്റെ പേരില്‍ സിപിഎം സൈബര്‍ പോരാളികളില്‍ നിന്നുണ്ടാവുന്ന തെറിവിളികള്‍ തെളിയിക്കുന്നത്.