ഒളിമ്പിക് അസോസിയേഷനിലും രാഷ്ട്രീയം കലര്‍ത്തി സി.പി.എം

സ്വന്തം ലേഖകന്‍
കൊച്ചി: കേരള ഒളിമ്പിക് അസോസിയേഷന്റെ പുതിയ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് കൊച്ചിയില്‍ പൂര്‍ത്തിയായി. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും പിന്തുണയോടെ മത്സരിച്ച കേരള ഹോക്കിയുടെ വി.സുനില്‍കുമാര്‍ സംഘടനയുടെ പുതിയ പ്രസിഡന്റായും അക്വാട്ടിക് അസോസിയേഷന്റെ എസ്.രാജീവ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. സ്പോര്‍ട്സ് കൗണ്‍സില്‍ ഭരണ സമിതി അംഗം എം.ആര്‍ രഞ്ജിത്താണ് ട്രഷറര്‍. രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് നേരത്തെ മാറ്റിവച്ച തെരഞ്ഞെടുപ്പാണ് ഇന്നലെ റിട്ട.ജഡ്ജ് സുന്ദരം ഗോവിന്ദിന്റെ മേല്‍നോട്ടത്തില്‍ കൊച്ചിയില്‍ നടന്നത്. ഒളിമ്പിക് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍, രാഷ്ട്രീയ തലത്തില്‍ ഇടപെടലുകള്‍ ഉണ്ടാകുന്നത് ഒളിമ്പിക് ചാര്‍ട്ടറിന് എതിരാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വഴിവിട്ട നീക്കത്തിലൂടെ അസോസിയേഷന്‍ ഭരണം പിടിച്ചെടുക്കാനുള്ള സിപിഎം നീക്കത്തെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 20ന് നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ കായിക അസോസിയേഷനുകളുടെ യോഗം വിളിച്ചുകൂട്ടി സിപിഎം പാനല്‍ അവതരിപ്പിച്ച് വോട്ട് അഭ്യര്‍ഥിച്ചതും വിവാദമായിരുന്നു. ഈ പാനലിലുള്ളവര്‍ തന്നെയാണ് ഇന്നലെ തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഭൂരിഭാഗവും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പിന്തുണയോടെ മത്സരിച്ച റേസ് ബോട്ട്സ് ആന്റ് റോവിങ് അസോസിയേഷന്‍ പ്രതിനിധി മാത്യു മുത്തൂറ്റിന്റെ നേതൃത്വത്തിലുള്ള പാനലാണ് പരാജയപ്പെട്ടത്. 16 അംഗ ഭരണസമിതിയിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. പ്രൊഫ പി.ഐ ബാബു, നാലകത്ത് ബഷീര്‍, എസ്.മുരളീധരന്‍, പ്രിന്‍സ് കെ മറ്റം, എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍, ഡോ. സി.ബി റജി (വൈസ് പ്രസിഡന്റുമാര്‍), അനില്‍കുമാര്‍.പി, ശരത്. യു നായര്‍ (ജോ.സെക്രട്ടറിമാര്‍), അനീഷ് മാത്യു, ബിനോയ് ജോസഫ്, പി.കെ ജഗനാഥന്‍, ഡോ.ജോറിസ് പൗലോസ്, തോമസ് പോള്‍ (എക്സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരാണ് തെരഞ്ഞെടുക്കപ്പെ മറ്റുള്ളവര്‍. ഇതില്‍ പി.ഐ ബാബു, നാലകത്ത് ബഷീര്‍, ഡോ. സി.ബി റജി എന്നിവര്‍ ഇരുപാനലിലും ഉള്‍പ്പെട്ടിരുന്നു.
അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ കോടതി ഉത്തരവിനനുസരിച്ച് മാത്രമേ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുകയുള്ളു. തെരഞ്ഞെടുപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് 16ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്ന് രണ്ടു ടേബിള്‍ ടെന്നീസ് അസോസിയേഷനുകളുടേതടക്കം അഞ്ചു വോട്ടുകള്‍ എണ്ണാതെ മാറ്റിവച്ചിട്ടുണ്ട്. പുതിയ ഭരണസമിതിയിലേക്ക് 2016ല്‍ നടക്കേണ്ട തെരഞ്ഞെടുപ്പാണ്വലിയ ഇടവേളക്ക് ശേഷം ഇന്നലെ നടന്നത്. 29 അസോസിയേഷനുകളെ പ്രതിനിധീകരിച്ച് 87 വോട്ടുകളാണ് ആകെ രേഖപ്പെടുത്തിയത്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കനത്ത പൊലീസ് കാവലിലായിരുന്നു തെരഞ്ഞെടുപ്പെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. ക്രമക്കേടുകള്‍ ആരോപിച്ച് നേരത്തെ തെരഞ്ഞെടുപ്പ് ഡല്‍ഹിയില്‍ നടത്താനായിരുന്നു ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ തീരുമാനം. ഇതേതുടര്‍ന്ന് സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പാനല്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് വാങ്ങുകയായിരുന്നു.