പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസുമായി യോജിച്ച് സി.പി.എം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മഹേസ്ഥല മണ്ഡലത്തില്‍ ഈ മാസം 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസ് പിന്തുണ. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കിലും സഖ്യം വേണ്ടെന്നായിരുന്നു പിന്നീട് പാര്‍ട്ടി തീരുമാനം. മഹേസ്ഥലില്‍ പാര്‍ട്ടി മത്സരിക്കുന്നില്ലെന്നും സി.പി.എമ്മിനെ പിന്തുണക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ അബ്ദുല്‍ മന്നന്‍ അറിയിച്ചു. ബി.ജെ.പിക്കും തൃണമൂലിനുമെതിരെ സി.പി.എമ്മുമായി യോജിച്ചു പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. തൃണമൂലിന്റെ സിറ്റിങ് എം.എല്‍.എ കസ്തൂരി ദാസിന്റെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. അന്തരിച്ച എം.എല്‍.എയുടെ ഭര്‍ത്താവിനെയാണ് ടി.എം.സി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. നിലവിലെ സാഹചര്യത്തില്‍ ടി.എം.സിയെ തോല്‍പിക്കാന്‍ ഇടത്, ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് ഏറെ വിയര്‍ക്കേണ്ടി വരും.