ചന്ദനക്കുറി തൊട്ടവരെയെല്ലാം സംഘികളാക്കരുത്

നസീര്‍ മണ്ണഞ്ചേരി

ആലപ്പുഴ:തീവ്രവാദ ഭീകരവാദ പട്ടം ചാര്‍ത്തി എതിരാളികളെ അമര്‍ച്ച ചെയ്യുന്ന സംഘ്പരിവാര്‍ ശൈലിയാണ് ചെങ്ങന്നൂരില്‍ ഇടതുപക്ഷം പയറ്റുന്നത്. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ലെങ്കിലും സിപിഎം കേന്ദ്രങ്ങളില്‍ പടരുന്ന ആശങ്കയുടെ തെളിവുകളാണ് വ്യാജ ആരോപണങ്ങളുടെ രൂപത്തില്‍ പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നത്.

ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലായെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന കോണ്‍ഗ്രസ് നേതാവിന് സൈബര്‍ സഖാക്കള്‍ ആര്‍എസ്എസ് മുദ്ര ചാര്‍ത്തികഴിഞ്ഞിരിക്കുന്നു.ചെങ്ങന്നൂരിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യമായ അഡ്വ. ഡി. വിജയകുമാറാണ് ഈ ദുര്‍വിധിയുണ്ടായത്.

ശബരിമലയിലേക്ക് എത്തുന്ന അയ്യപ്പന്മാരെ സേവിക്കുന്നതിനായി ദേശീയ തലത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന അയ്യപ്പ സേവ സംഘത്തിന്റെ വൈസ് പ്രസിഡന്റ് കൂടിയായ കെ. പി.സി.സി നിര്‍വ്വാഹക സമിതി അംഗത്തിന് നേരെ ആസൂത്രിതമായ ആക്രമണങ്ങളാണ് ദിവസങ്ങളായി സമൂഹ്യമാധ്യമങ്ങളിലൂടെ സഖാക്കള്‍ നടത്തുന്നത്.

ചന്ദനകുറി തൊട്ട ഒരു യഥാര്‍ത്ഥ ഹൈന്ദവ വിശ്വാസിയുടെ എല്ലാവിധ ഭാവങ്ങളുംതോന്നിപ്പിക്കുന്ന വിജയകുമാറിന്റെ ചിത്രം ഫോട്ടോഷോപ്പിലൂടെ ആര്‍എസ്എസ് സ്ഥാനാര്‍ത്ഥിയായ പ്രചരിപ്പിക്കുകയാണ് സഖാക്കള്‍ ചെയ്യുന്നത്. ഫേസ്ബുക്ക്, വാട്‌സ് അപ്പ് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ വന്‍ പ്രചരണമാണ് സഖാക്കള്‍ ഇതിന് നല്‍കുന്നത്. മണ്ഡലത്തിലെ ക്രിസ്ത്യന്‍ മുസ്‌ലിം സമൂഹങ്ങള്‍ക്ക് ഇടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ആര്‍എസ്എസുകാരനാക്കുന്നത് വഴി , അവര്‍ക്കുള്ളിലെ ബിജെപി വിരോധവും ഭയവും മുതലെടുക്കാനാണ് സഖാക്കളുടെ ശ്രമം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 40,000 മുകളില്‍ വോട്ടുകള്‍ സ്വന്തമാക്കിയ ബിജെപി ഇക്കുറിയും മത്സരരംഗത്തുണ്ട്. ജാതിമത സമവാക്യങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ അതേ പരിഗണനയുടെ അടിസ്ഥാനത്തിലായിരുന്നു ജില്ലാ നേതാവിനെ വെട്ടി അന്തരിച്ച കെ.കെ രാമചന്ദ്രന്‍ നായര്‍ കഴിഞ്ഞ തവണ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് വന്നതെന്ന് ഒരു വിഭാഗം ആരോപിച്ചിരുന്നു.

മുമ്പ് പി. സി വിഷ്ണുനാഥെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയോട് വലിയ മാര്‍ജ്ജിനില്‍ തോറ്റ ജില്ലാ നേതാവ് വീണ്ടും സ്ഥാനാര്‍ത്ഥി കുപ്പായം തയിച്ച് ചെങ്ങന്നൂരില്‍ ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

രാഷ്ട്രീയമായ മത്സരമാണ് ചെങ്ങന്നൂരില്‍ നടക്കേണ്ടത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ ഭരണത്തിന്റെ കൃത്യമായ വിലയിരുത്തലുകളിലേക്ക് തെരഞ്ഞെടുപ്പ് നീണ്ടാല്‍ സിപിഎമ്മിനും ബിജെപിക്കും അത് ദോഷമായി ബാധിക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന വ്യക്തിക്ക് നേരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് തെരഞ്ഞെടുപ്പ് ചര്‍ച്ച തിരിച്ചുവിടാന്‍ സിപിഎമ്മിന്റെ സൈബര്‍ സഖാക്കള്‍ ശ്രമിക്കുന്നത്.