ശ്രീജിത്തിന്റെ മരണം: മനുഷ്യാവകാശ കമ്മീഷനെ വളഞ്ഞിട്ട് ആക്രമിച്ച് സി.പി.എം

തിരുവനന്തപുരം: കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സി.പി.എം നേതൃത്വം. പിണറായിക്കു പിറകെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെതിരെ വിമര്‍ശനവുമായി കൊടിയേരിയും രംഗത്തെത്തി. ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതാണ് നല്ലതെന്ന് കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാറിനെ നിരന്തരം വിമര്‍ശിച്ച മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി. മോഹനദാസിനെ കടുത്ത ഭാഷയിലാണ് ഇന്നലെ പിണറായി കുറ്റപ്പെടുത്തിയത്.

ചെയര്‍മാന്‍ രാഷ്ട്രീയ നേതാവിനെ പോലെ പെരുമാറുന്നത് ശരിയല്ല. കസ്റ്റഡിയില്‍ എടുക്കുന്ന പ്രതികളോട് അപമര്യാദയായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ ഉണ്ടാവില്ലെന്നും കൊടിയേരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ചെയര്‍മാനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. കമ്മീഷന്‍ അധ്യക്ഷന്‍ അദ്ദേഹത്തിന്റെ പണി എടുത്താല്‍ മതിയെന്നായിരുന്നു പിണറായിയുടെ പരാമര്‍ശം. മുന്‍കാല രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ പ്രസ്താവന നടത്തരുതെന്നും പിണറായി പറഞ്ഞിരുന്നു.

കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വരാപ്പുഴ എസ്.ഐ ദീപക് അടക്കം നാല് പോലീസുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ െ്രെകംബ്രാഞ്ച് സംഘം തീരുമാനിച്ചു. നിലവില്‍ ആര്‍.ടിഎഫ് ഉദ്യോഗദസ്ഥരടക്കം നാല് പേര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. മരണത്തിന് കാരണമായത് ഒരാളുടെ മര്‍ദ്ദനമാണെങ്കില്‍ ഇയാള്‍ക്കെതിരെ മാത്രം കൊലക്കുറ്റം ചുമത്താനാണ് തീരുമാനം. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമയിരിക്കും ഇക്കാര്യത്തില്‍ വ്യക്തത വരുന്നത്.