തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ഗുണ്ടായിസത്തില്‍ സി.പി.എമ്മിനെതിരെ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം. വിമര്‍ശകരുടെ വേര് ചികഞ്ഞുപോയി അടിമണ്ണ് ഒലിച്ചു പോകരുതെന്ന് ജനയുഗം എഡിറ്റോറിയലില്‍ പറയുന്നു. അണികള്‍ മാത്രമല്ല, നേതൃത്വവും നിലവാരം വിട്ട് തരംതാഴുന്നുവെന്നാണ് വിമര്‍ശനം.
അണികള്‍ നല്കുന്ന ആവേശത്തെ നേതാക്കള്‍ ചാനലില്‍ ആയുധമാക്കരുത്. അണികള്‍ മാത്രമല്ല, നേതൃത്വം തന്നെ നിലവാരം വിട്ട് തരംതാഴുകയാണ്. ഇതിനെ രാഷ്ട്രീയ ജീര്‍ണതയായി മാത്രമേ സമൂഹം വിലയിരുത്തൂ എന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.
മാധ്യമ പ്രവര്‍ത്തകരേയും കുടുംബങ്ങളേയും ആക്ഷേപിക്കുന്നത് ശരിയല്ലെന്നും എഡിറ്റോറിയലില്‍ പറയുന്നു. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും ചോദ്യങ്ങളും ഉയര്‍ന്നതോടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ അതിക്രമങ്ങള്‍ തുടങ്ങിയത്. വിമര്‍ശനങ്ങള്‍ക്ക് പാത്രമായവര്‍ അതിലേക്ക് നയിച്ച സാഹചര്യത്തില്‍ തന്റെ പങ്ക് എന്താണെന്ന് പിന്തിരിഞ്ഞന്വേഷിക്കുന്നില്ലെന്നും വിമര്‍ശിക്കുന്നവരുടെ തായ് വേര് അന്വേഷിക്കുന്നതില്‍ രസംകൊള്ളുമ്പോള് അടിമണ്ണിളകുന്നത് അറിയണമെന്നും ഓര്‍മിപ്പിക്കുന്നു. സി.പി.എമ്മിനെതിരായ ഒളിയമ്പായിട്ടാണ് ഈ വിമര്‍ശനം വിലയിരുത്തപ്പെടുന്നത്. സി.പി.എം സൈബര്‍ ഗുണ്ടകള്‍ നേരത്തെ സി.പി.ഐ നേതാക്കളെയും വേട്ടയാടിയിരുന്നു.