ആയിഷ റെന്നക്കെതിരായ കയ്യേറ്റം; സ്വാഭാവിക പ്രതികരണമെന്ന് സിപിഎം

കോഴിക്കോട്: ജാമിയ വിദ്യാര്‍ഥിനി ആയിഷ റെന്നക്കെതിരായ കയ്യേറ്റശ്രമത്തില്‍ പ്രതികരണവുമായി സിപിഎം. കൊണ്ടോട്ടിയിലെ സംഭവത്തില്‍ സ്വാഭാവികമായ പ്രതികരണം മാത്രമാണുണ്ടായതെന്ന് സിപിഎം ഏരിയ സെക്രട്ടറി പ്രമോദ് ദാസ് പറഞ്ഞു.

ആയിഷക്കെതിരെ പ്രതികരിച്ചവരില്‍ എല്ലവിഭാഗങ്ങളിലുള്ളവരും ഉണ്ടായിരുന്നു. പൊതുപരിപാടിയില്‍ ആയിഷ അടക്കമുള്ളവര്‍ സംസാരിക്കേണ്ടതില്ലെന്നായിരുന്നു സംഘാടകരുടെ തീരുമാനം. എന്നാല്‍ എംഎല്‍എയുടെ പ്രസംഗം കഴിഞ്ഞതിന് പിന്നാലെ ആയിഷ സ്വമേധയാ പ്രസംഗിക്കാന്‍ തയ്യാറായി. ജമാഅത്തെ ഇസ്ലാമിയുടെ വേദിയില്‍ പറയേണ്ടത് പൊതുവേദിയില്‍ പറഞ്ഞതിനെയാണ് ജനങ്ങള്‍ ഒന്നടങ്കം എതിര്‍ത്തത്. അവരുടെ സംസാരം ശരിയായില്ലെന്ന് തന്നെയായിരുന്നു മറ്റു രാഷ്ട്രീയകക്ഷികളുടെയും അഭിപ്രായം. ജനാധിപത്യരീതിലുള്ള സമരങ്ങളെയും പ്രതികരണങ്ങളെയും പിന്തുണക്കുന്നതാണ് സിപിഎം നിലപാടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ആയിഷ റെന്ന രംഗത്തെത്തി. മുസ്ലീം സ്ത്രീ പ്രതികരണവുമായി മുന്നോട്ടുവരുന്നതില്‍ ഭയപ്പെടുന്നവരാണ് തനിക്കെതിരേ ആക്രോശിച്ചതെന്നും ഇതുകൊണ്ടൊന്നും താന്‍ പറഞ്ഞ നിലപാടില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും ആയിഷ പറഞ്ഞു.

‘ജാമിയയില്‍ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന വിദ്യാര്‍ഥി എന്ന നിലയിലാണ് കൊണ്ടോട്ടിയിലെ പരിപാടിയിലേക്ക് ക്ഷണിച്ചത്. പൊതുപരിപാടിയാണെന്നായിരുന്നു സംഘാടകര്‍ പറഞ്ഞത്. അവിടെയുണ്ടായിരുന്നവര്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് പ്രസംഗിച്ചത്. പൗരത്വ നിയമത്തിനെതിരായ പോരാട്ടത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത ചന്ദ്രശേഖര്‍ ആസാദിനെ വിട്ടയക്കണമെന്ന് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതോടൊപ്പം കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയതിന് പിണറായി വിജയന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും പറഞ്ഞു. എന്നാല്‍ ഇതിനുപിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ ആക്രോശവുമായി രംഗത്തെത്തുകയായിരുന്നു’, ആയിഷ പറയുന്നു.

‘പിണറായിക്കെതിരേ പറഞ്ഞതിന് മാപ്പ് പറയണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ തന്റെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് വ്യക്തമാക്കി. മാപ്പുപറയാന്‍ തയ്യാറായില്ല. അഭിപ്രായം വീട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്നായിരുന്നു അവരുടെ ആക്രോശം. ഒപ്പം അസഭ്യ വാക്കുകളും. ദിവസങ്ങളായി സിപിഎമ്മുകാര്‍ ഉള്ളില്‍കൊണ്ടുനടക്കുന്ന രോഷവും ഒരു മുസ്ലീം സ്ത്രീ മുന്നോട്ടുവരുന്നതിലെ എതിര്‍പ്പുമാണ് അവിടെ കണ്ടത്’. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയയിലടക്കം നടക്കുന്ന പ്രതിഷേധങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് നടന്നത്. ഇത്തരം സംഭവങ്ങളൊന്നും ജാമിയയിലെ പ്രതിഷേധത്തെ ബാധിക്കില്ലെന്നും ആയിഷ പറഞ്ഞു.

മാപ്പ് പറഞ്ഞെന്ന് പറയുന്നത് തെറ്റായ പ്രചരണമാണ്. ആക്രോശിച്ചവരോട് മിണ്ടാതിരിക്കാനാണ് പറഞ്ഞത്. സ്ത്രീകള്‍ വീട്ടില്‍ ഇരുന്ന് അഭിപ്രായം പറഞ്ഞാല്‍ മതിയെന്ന് പറയുന്നവര്‍ എന്ത് സ്ത്രീശാക്തീകരണത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ആയിഷ ചോദിച്ചു.

SHARE