അയ്യല്ലൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ഒമ്പത് ആര്‍.എസ്.എസുകാര്‍ക്കെതിരെ കേസ്

 

മട്ടന്നൂര്‍: അയ്യല്ലൂരില്‍ സി .പി .എം പ്രവര്‍ത്തകനായ ഡോക്ടര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് വെട്ടേറ്റു. തിങ്കളാഴ്ച രാത്രി പത്തിനു അയ്യല്ലൂര്‍ വായനശാലയ്ക്ക് സമീപത്തെ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറില്‍ വെച്ചായിരുന്നു സംഭവം.
സി.പി.എം അയ്യല്ലൂര്‍ ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗവും ചാവശേരി വളോരയിലെ ഗവ. ഹോമിയോ ക്ലിനിക്കിലെ ഡോക്ടറുമായ കെ.ടി.സുധീര്‍ കുമാര്‍ (50), കെ.ശ്രീജിത്ത് (42) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ ഒമ്പത് ആ ര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുത്തു.
വെട്ടേറ്റവരെ കോഴിക്കോട് ബേബി മെമ്മോറിയല്‍ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഷെല്‍ട്ടറില്‍ നിന്നു വീട്ടിലേക്ക് പോകാന്‍ ഇറങ്ങുന്നതിനിടെ ആള്‍ട്ടോ കാറിലും ബൈക്കുകളിലുമായെത്തിയ പത്തോളം വരുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് സി പി എം നേതാക്കള്‍ പറഞ്ഞു. ദേഹമാസകലം വെട്ടേറ്റ ഇരുവരെയും നാട്ടുകാര്‍ ഉടന്‍ കണ്ണൂര്‍ എ കെ ജി ആസ്പത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയായിരുന്നു. ഇരുവരെയും ഇന്ന് ഓപ്പറേഷനു വിധേയമാക്കും. ദിവസങ്ങള്‍ക്ക് മുമ്പ് ശിവപുരം മാലൂര്‍ റോഡില്‍ വച്ചു കാറില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ച് ബി ജെ പി നേതാക്കളെ തടഞ്ഞു വച്ചു വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് അക്രമമെന്നു കരുതുന്നു. സി പി എം അക്രമത്തിനെതിരെ മട്ടന്നൂരില്‍ ബി ജെ പി പൊതുയോഗം നടത്താനിരിക്കെയാണ് അക്രമമുണ്ടായത്. ബി ജെ പി-ആര്‍ എസ് എസ് അക്രമത്തില്‍ പ്രതിഷേധിച്ച് സി പി എമ്മിന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍, ഇരിട്ടി നഗരസഭകളിലും തില്ലങ്കേരി, കൂടാളി, മാലൂര്‍, കീഴല്ലൂര്‍ പഞ്ചായത്തുകളിലും ഹര്‍ത്താല്‍ ആചരിച്ചു.

SHARE