ആന്തൂരില്‍ കൃഷിയിടത്തില്‍ മാതാവിനും മകനും നേരെ സിപിഎം അക്രമം

തളിപ്പറമ്പ്: ആന്തൂര്‍ ബക്കളം മൈലാടെ കൃഷിയിടത്തില്‍ സ്ഥലം ഉടമകളായ മാതാവിനും മകനും നേരെ സിപിഎം അക്രമം. താലിബാന്‍ മോഡലില്‍ ആള്‍ക്കൂട്ട വിചാരണ നടത്തിയാണ് തൂമ്പയും വടിയും ഉപയോഗിച്ച് മകനെയും ഉമ്മയെയും തല്ലിച്ചതച്ചത്. പാര്‍ട്ടി ഗ്രാമത്തില്‍ വയല്‍ നികത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് സ്വന്തം ഉടമസ്ഥതയിലുള്ള കരഭൂമിയില്‍ വാഴ നടാന്‍ എത്തിയ ഇവര്‍ക്ക് നേരെ അക്രമം ഉണ്ടായത്. ചൊവ്വാഴ്ച്ച ഉച്ചയോട് കൂടിയാണ് ബക്കളം മൈലാടെ ഗാന്ധി സ്മാരക വായനശാലക്ക് സമീപത്തുള്ള സ്ഥലത്ത് അക്രമം അരങ്ങേറിയത്.
അക്രമത്തില്‍ പരിക്കേറ്റ സ്ഥലം ഉടമ താഴെ ബക്കളത്തെ എ റഷീദ(46), മകന്‍ മുര്‍ഷിദ്(29) എന്നിവരെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. റഷീദയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ആയുധങ്ങളും വടിയുമായി സിപിഎം ഗുണ്ടകള്‍ അതിക്രമിച്ചു കയറുകയായിരുന്നു. ഉന്നത സിപിഎം നേതാവ് കൂടിയായ ഒരു മന്ത്രിയുടെ മകന്റെ നേതൃത്വത്തിലുള്ള റിസോര്‍ട്ടിനായി കുന്നിടിക്കല്‍ നടക്കുന്ന സ്ഥലത്തിനടുത്താണ് സംഭവം നടന്നത്.

സ്വന്തം സ്ഥലത്ത് വാഴ നടാന്‍ പോയ തങ്ങളെ സുരേന്ദ്രന്‍, രജിത്, മനോഹരന്‍, ശശി എന്നിവരുള്‍പ്പെടെ അവിടെ എത്തിയ സിപിഎമ്മുകാര്‍ അക്രമിക്കുകയായിരുന്നുവെന്ന് മുര്‍ഷിദും മാതാവ് റഷീദയും പറഞ്ഞു. തൂമ്പയെടുത്ത് അക്രമിച്ച സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തടയാന്‍ വന്ന ഉമ്മയെ ചവിട്ടി വീഴ്ത്തി. മുര്‍ഷിദിന്റെ മുഖത്തും കൈക്കും നടുവിനും റഷീദയുടെ നടുവിനുമാണ് പരിക്കേറ്റത്. മൈലാടെ നെല്‍വയല്‍ മണ്ണിട്ട് നികത്തി വാഴ കൃഷിയും കവുങ്ങ് കൃഷിയും നടത്തുന്നത് ചോദ്യം ചെയ്യാനാണ് തങ്ങള്‍ അവിടെ പോയതെന്നാണ് സിപിഎം വാദിക്കുന്നത്.
സിപിഎം ഗുണ്ടകള്‍ അക്രമിക്കുന്ന വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഇരുവരെയും ആസ്പത്രിയില്‍ എത്തിച്ചത്.

അത്രയും നേരം ചോര വാര്‍ന്നൊലിക്കുകയായിരുന്ന മുര്‍ഷിദിനെ സിപിഎം ഗുണ്ടകള്‍ വിചാരണ ചെയ്യുകയായിരുന്നു. ആ ഭൂമിയില്‍ കൃഷി ചെയ്യാനോ വീടുവെക്കാനോ പാടില്ലെന്നും സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഈ ഭൂമിയില്‍ നിന്ന് റഷീദയെയും കുടുംബത്തെയും തുരത്തിയോടിച്ച് സ്ഥലം തട്ടിയെടുക്കാനുള്ള സിപിഎം നീക്കത്തിന്റെ ഭാഗമാണ് അക്രമമെന്നും ആരോപണമുണ്ട്. നേരത്തെ ഇതേ സ്ഥലത്തേക്ക് വന്ന വാഹനങ്ങളും സിപിഎം ഗുണ്ടാ സംഘം തടഞ്ഞിരുന്നു. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. സിപിഎം ഭീഷണി മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററും ഈ പ്രദേശത്തിന് തൊട്ടടുത്തായാണ് സ്ഥിതി ചെയ്യുന്നത്.

SHARE