കോഴിക്കോട് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

കോഴിക്കോട്: എലത്തൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തെത്തുടര്‍ന്ന് മനംനൊന്ത് പെട്രോള്‍ ദേഹത്ത് ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ മരിച്ചു. എലത്തൂര്‍ എസ്.കെ. ബസാറിലെ നാലൊന്നുകണ്ടി രാജേഷ് (42) ആണ് മരിച്ചത്.

ഈമാസം 15ന് വൈകുന്നേരം അഞ്ചരയ്ക്ക് റോഡരികിലായിരുന്നു ആത്മഹത്യാശ്രമം. പൊള്ളലേറ്റ രാജേഷിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വായ്പ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലിറക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയെത്തുടര്‍ന്നാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ടാഴ്ച്ച മുമ്പാണ് രാജേഷ് വായ്പ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങിയത്.

പെര്‍മിറ്റ് അടക്കമുള്ളവ ശരിയാക്കി ഓട്ടോയുമായി സ്റ്റാന്‍ഡിലെത്തിയ അന്നു മുതല്‍ മറ്റു ഓട്ടോ ഡ്രൈവര്‍മാരുമായി തര്‍ക്കത്തിലായി. രാജേഷിന്റെ ഓട്ടോറിക്ഷ അവിടെ ഓടിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു മറ്റുള്ളവരുടെ നിലപാട്. എന്നാല്‍ രാജേഷ് ഇത് അവഗണിച്ചു. നാല് ദിവസം മുമ്പ് രാജേഷിനെ വഴിയില്‍ തടഞ്ഞുവച്ച് ഒരു സംഘം ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദിച്ചു. രോഗിയായ ഭാര്യയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതില്‍ മനംനൊന്തായിരുന്നു ആത്മഹത്യാ ശ്രമം. സംഭവത്തില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകരെ കഴിഞ്ഞദിവസം എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

SHARE