ഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ. അയോധ്യ ട്രസ്റ്റ് അവരുടെ ജോലി ചെയ്യട്ടെ എന്നാണ് സി.പി.എം വ്യക്തമാക്കിയത്. ക്ഷേത്ര നിര്‍മ്മാണം ബി.ജെ.പി പരിപാടിയാക്കി മാറ്റരുതെന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ ഉറഞ്ഞുതുള്ളിയ സി.പി.എം സൈബര്‍ പോരാളികള്‍ സ്വന്തം പാര്‍ട്ടിയുടെ നിലപാട് നോക്കാന്‍ മറന്നു പോവുകയായിരുന്നു. പ്രധാനമന്ത്രി വരെ പങ്കെടുക്കുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പങ്കാളിത്തത്തോടു കൂടി അയോധ്യയില്‍ ഭൂമി പൂജ നടത്താനുള്ള യു.പി ഭരണകൂടത്തിന്റെ നടപടി സുപ്രീം കോടതി വിധിക്കും ഇന്ത്യന്‍ ഭരണഘടനാ തത്വങ്ങളുടെ അന്തസത്തക്കും എതിരാണെന്നും ക്ഷേത്ര നിര്‍മ്മാണത്തിന് ഏല്പിച്ച ട്രസ്റ്റ് അതു ചെയ്യട്ടെ എന്നുമാണ് സി.പി.എം പറയുന്നത്. ഇതേ കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ചതാണ് വിവാദമാക്കിയത്.
ആഗസ്ത് മൂന്നിന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിലപാട് സി.പി.എം വ്യക്തമാക്കുന്നത്. കോടതി വിധിയിലൂടെയോ ഇരു കക്ഷികള്‍ക്കും സ്വീകാര്യമായ കരാറിലൂടെയോ വേണം ഈ പ്രശ്നത്തിന് പരിഹാരം എന്ന എക്കാലത്തെയും നിലപാടിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയത്തിലുള്ള കോടതി വിധി അംഗീകരിക്കുന്നതായും ക്ഷേത്ര നിര്‍മാണം ട്രസ്റ്റ് ആണ് നടത്തേണ്ടത് അത് അവര്‍ നടത്തിക്കൊള്ളട്ടെ എന്നും പത്രക്കുറിപ്പില്‍ പറയുന്നു. പാര്‍ട്ടിയുടെ ഈ ഔദ്യോഗിക നിലപാട് ഇതായിരിക്കെ കമല്‍നാഥിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ ആക്രമിച്ച് വര്‍ഗീയ വികാരം ആളിക്കത്തിക്കാനാണ് കഴിഞ്ഞ ദിവസങ്ങളില്‍ സി.പി.എം ശ്രമിച്ചത്.