പിണറായി സര്‍ക്കാറിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ തുടരുന്നു; ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ സിപിഎം നേതാവിന്റെ ഭാര്യക്ക് അനധികൃത നിയമനം

തൃശൂര്‍:യോഗ്യതയുള്ള 250 പേരെ തഴഞ്ഞ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കോളജില്‍ സി.പി.എം നേതാവിന്റെ ഭാര്യക്ക് അനധികൃത നിയനം. തൃശൂര്‍ സി.പി.എം ജില്ലാ കമ്മറ്റിയംഗം ടി.കെ. വാസുവിന്റെ ഭാര്യ ഇങ്ങനെ നിയമനം നേടിയതെന്നു ചൂണ്ടിക്കാട്ടി മന്ത്രി എം.എം മണിയുടെ ബന്ധുവും സി.പി.എം കുടുംബാംഗവുമായി അജി കെ.എം എന്ന വ്യക്തി തന്നെയാണ് രംഗത്തെത്തിയത്. അധിക യോഗ്യതകള്‍ ഏറെയുള്ള തന്നെപ്പോലുള്ളവരെ മറികടന്നാണ് 2017ല്‍ മാത്രം എം.എ കഴിഞ്ഞ, അധ്യാപക പരിചയം പോലുമില്ലാതെ ഒരാളെ നിയമിച്ചതെന്ന് ഇദ്ദേഹം ആരോപിച്ചു. കോട്ടയത്ത് 57 കൊല്ലമായി പാര്‍ട്ടി അംഗത്വമുള്ള അച്ഛന്റെ മകനും സി.പി.എം രക്തസാക്ഷിയുടെ കുടുംബാംഗവുമായ തന്നോട് ഇതാണ് ചെയ്യുന്നതെങ്കില്‍ ബാക്കിയുള്ളവരോട് പാര്‍ട്ടി ചെയ്യുന്ന നെറികേട് എന്തായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അക്കാദമിക യോഗ്യത പ്രകാരം അപേക്ഷകരില്‍ 250 പേരിലും താഴെ മാത്രം യോഗ്യതയുള്ള ആളെയാണ് നിയമിച്ചത്. ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പോലും വ്യാജമാണെന്നും അജി ആരോപിക്കുന്നു. ഇതിനു മുമ്പ് നടന്ന നിയമനങ്ങളിലും അഴിമതി നടത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രിസിഡന്റ് സി.പി.എം നോമിനി മോഹന്‍ദാസാണ്. തൃശൂര്‍ സി.പി.എം ജില്ലാ കമ്മറ്റി അംഗം നേരിട്ട് യാതൊരു യോഗ്യതയുമില്ലാത്ത ഭാര്യയ്ക്കു വേണ്ടി നടത്തിയ ഇടപെടലാണ് ഈ അഴിമതിക്ക് കാരണമായത്. ആനുകൂല്യമോ ഔദാര്യമോ ഇടതുപക്ഷ നീതിയോ കാണിച്ചില്ലെങ്കിലും സാമാന്യ മര്യാദപോലും പൊതുജനത്തിന് നല്കാത്ത വിധം സി.പി.എമ്മിന്റെ പേരില്‍ അഴിമതി നടക്കുകയാണെന്ന് പറയുന്ന അജിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

SHARE