സി.പി.എമ്മിന്റെ തോല്‍വി ഏറ്റുപറച്ചിലിലെ അന്തര്‍ധാര

ഇയാസ് മുഹമ്മദ്
തോല്‍വി സംബന്ധിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിരിക്കുകയാണ്. സി.പി.എം സംസ്ഥാന ഘടകം പുലര്‍ത്തുന്ന ധാര്‍ഷ്ട്യം കേന്ദ്ര കമ്മിറ്റിയുടെ തോല്‍വി റിപ്പോര്‍ട്ടിനോട് ഇത്തവണ കാട്ടിയില്ലെന്നത് ശുഭകരമാണെന്ന വിലയിരുത്തലാണ് പൊതുവിലുള്ളത്്. എന്നാല്‍ കോടിയേരിയുടെ മകനെതിരായ പീഡന കേസും ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയും സൃഷ്ടിച്ച വിവാദങ്ങളില്‍നിന്നും അംഗങ്ങളുടേയും അണികളുടേയും മാത്രമല്ല, മാധ്യമങ്ങളുടേയും ശ്രദ്ധ വഴിതിരിച്ചുവിടുകയെന്ന ലക്ഷ്യം ഈ ഏറ്റുപറച്ചിലിന്റെ അന്തര്‍ധാരയായി വര്‍ത്തിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നവരുമുണ്ട്. ഏറ്റുപറഞ്ഞ തെറ്റുകള്‍ മുഖപത്രം വഴി പരസ്യപ്പെടുത്തിയ സമൂര്‍ത്ത സാഹചര്യമാണ് സംശയാലുക്കളെ സൃഷ്ടിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തന്നെ കേരളത്തില്‍ വലിയ തോല്‍വി സി.പി.എം നേതാക്കള്‍ പ്രതീക്ഷിച്ചിരുന്നതാണ്. തെരഞ്ഞെടുപ്പിന്‌ശേഷം നടന്ന സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍ യോഗത്തില്‍ പോലും ഏഴ് സീറ്റുകളിലാണ് അവര്‍ വിജയം പ്രതീക്ഷിച്ചത്. ഇതില്‍തന്നെ മൂന്നിടത്ത് ഫോട്ടോ ഫിനിഷില്‍ വിജയത്തിലേക്കെത്തുമെന്നായിരുന്നു നിഗമനം. നേതാക്കള്‍ പിന്നീട് അവകാശപ്പെട്ട തരത്തില്‍ വലിയ വിജയമുണ്ടാകുമെന്ന് സി.പി.എം ഒരു ഘട്ടത്തില്‍പോലും ആശ വെച്ചിരുന്നില്ല. എന്നാല്‍ ഇത്ര വലിയ തോല്‍വി സി.പി. എം മനസ്സില്‍ കണ്ടില്ല. തോല്‍ക്കും എന്നേ അവര്‍ കരുതിയുള്ളൂ, ജനം ഇതുപോലെ പടുകുഴിയിലേക്ക് തള്ളുമെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിക്കാതെവന്നു.
ജനങ്ങളില്‍നിന്നും സി.പി.എം എത്രമാത്രം അകലത്തിലാണെന്ന് സ്വയം വിലയിരുത്തലിനുള്ള അവസരമാണ് അവര്‍ക്കിപ്പോള്‍ കൈവന്നിട്ടുള്ളത്. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ തങ്ങളുടെ ദൗര്‍ബല്യങ്ങളെ മറികടക്കാന്‍ പരിശ്രമിക്കുമെന്നാണ് സി.പി.എം ഊന്നിപറഞ്ഞിരിക്കുന്നത്. അതേസമയം എന്താണ് ദൗര്‍ബല്യമെന്ന് സി. പി.എമ്മിന് ഇതുവരെ മനസ്സിലായിട്ടുമില്ല. റിപ്പോര്‍ട്ടില്‍ ഒരു ഭാഗത്ത് പറയുന്നതിങ്ങനെ: നമുക്ക് ശക്തിയുള്ള സംസ്ഥാനങ്ങളിലെ വോട്ടു വിഹിതത്തിലെ ഇടിവ് വലിയ ഉത്കണ്ഠ ഉളവാക്കുന്നു. ജനങ്ങള്‍ അകന്നതും പരമ്പരാഗത വോട്ടില്‍ ഒരു ഭാഗത്തിന്റെ വിട്ടുപോകലും മനസ്സിലാക്കാന്‍ ആഴത്തിലുള്ള അവലോകനം ആവശ്യമാണ്. നാം കണ്ടുപിടിക്കുക മാത്രമല്ല, തിരുത്തുകകൂടി ചെയ്യേണ്ട ചില ദൗര്‍ബല്യങ്ങളുണ്ട്.
സി.പി.എം റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ സന്ദേശം എന്ന സിനിമയില്‍ ബോബി കൊട്ടാരക്കര വേഷമിട്ട ഉത്തമന്‍ എന്ന കഥാപാത്രത്തിന്റെ സന്ദേഹം ആവര്‍ത്തിക്കാതിരിക്കാന്‍ ഒരാള്‍ക്ക് കഴിയുന്നതെങ്ങനെ. എന്തുകൊണ്ട് തോറ്റുവെന്നെങ്കിലും തെളിവോടെ പറയാന്‍ സി.പി.എമ്മിന് എന്നാണ് കഴിയുക. നിഗൂഢതകള്‍ നിറഞ്ഞ സംഘമായി സി.പി.എം മാറിയിട്ട് കാലമേറെയായി. സുതാര്യ രാഷ്ട്രീയ പ്രവര്‍ത്തനം മറന്നുപോയവരെ ജനം മറന്നുവെന്നായിരുന്നു സി.പി.എം തെളിച്ചുപറയേണ്ടിയിരുന്നത്.
വനിതാമതിലില്‍ പങ്കെടുത്ത 56 ലക്ഷം പേരില്‍ വലിയ വിഭാഗം വോട്ടുചെയ്തില്ലെന്നാണ് സി.പി. എം പരിതപിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരേയും ഉദ്യോഗസ്ഥരേയും അധികാരവും കയ്യൂക്കുംകൊണ്ട് ഭീഷണിപ്പെടുത്തി, മതില്‍ കെട്ടാന്‍ കൊണ്ടുപോയവരല്ലേ, യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ട വോട്ടു കൂടി നഷ്ടമാക്കിയത്. ബഹുജന സംഘടനകള്‍ കടലാസു പുലികള്‍ മാത്രമാണെന്ന് റിപ്പോര്‍ട്ടിലെങ്കിലും സി.പി.എം അംഗീകരിച്ചിരിക്കുന്നു. പല നിയോജക മണ്ഡലങ്ങളിലും ലഭിച്ച മൊത്തം വോട്ടുകള്‍ വര്‍ഗ, ബഹുജന സംഘടനകളുടെ മൊത്ത അംഗസംഖ്യയിലും കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജാഥയില്‍ കൊടിപിടിച്ചവരും മുദ്രാവാക്യം മുഴക്കിയവരും വോട്ടുചെയ്തില്ലെന്നാണ് സി.പി.എം കണ്ടെത്തിയിരിക്കുന്നത്. ജനങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതിലെ ദൗര്‍ബല്യമാണ്് ഇതിന് പ്രധാന കാരണമെത്രെ. മുതലാളിത്ത, പാര്‍ലമെന്ററി ദൗര്‍ബല്യങ്ങളില്‍ അഭിരമിക്കുന്ന നേതാക്കളില്‍ സംഭവിച്ച അരാഷ്ട്രീയവത്കരണത്തെ റിപ്പോര്‍ട്ടില്‍ ഒരിടത്ത്‌പോലും പരമാര്‍ശിക്കുന്നതു പോലുമില്ലതാനും.
ബഹുജന സംഘടനകളുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രവര്‍ത്തനത്തിന്റെ ആവശ്യം തുടര്‍ച്ചയായ പ്രമേയങ്ങളില്‍ എടുത്തുകാണിച്ചിട്ടും നടപ്പാക്കപ്പെട്ടില്ലെന്നാണ് മറ്റൊരു പരാമര്‍ശം. യഥാര്‍ത്ഥത്തില്‍ ബഹുജന സംഘടനകളെ അരാഷ്ട്രീയവത്കരിക്കുന്നതിലൂടെ, പ്രാദേശിക സ്വത്വ സമരങ്ങളെ ഇല്ലാതാക്കുകയും വ്യക്തിപരമായ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കുകയും ചെയ്തവര്‍ തന്നെയാണ് പ്രമേയങ്ങളെ അട്ടിമറിച്ചതെന്ന കാര്യം തമസ്‌കരിക്കപ്പെട്ടു. അടിസ്ഥാന ജനതയുടെ അവകാശ സമരങ്ങളില്‍നിന്നും ഒളിച്ചോടിയവര്‍, സമരങ്ങള്‍ ഏറ്റെടുത്തവരെയും ഒറ്റുകാരാക്കി ചിത്രീകരിച്ചു.
സാങ്കേതിക വിദ്യാലയങ്ങളിലെ അരാഷ്ട്രീയ വത്കരണം തിരിച്ചടിയായെന്നാണ് മറ്റൊരു വിലയിരുത്തല്‍. തൊഴിലില്ലായ്മ രാഷ്ട്രീയ വിഷയമാക്കാന്‍ കഴിയുന്നില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. ബി.ജെ.പി സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍ പ്രയോജനപ്പെടുത്തിയപ്പോള്‍, സി.പി.എമ്മിന് അതിന് സാധിച്ചില്ലെന്നാണ് മറ്റൊരു സ്വയം വിമര്‍ശനം. ഇരട്ടചങ്കന് വേണ്ടി പോരാളി ഷാജിമാര്‍ നടത്തിയ ഫാന്‍സ് അസോസിയേഷന്‍ കളികളെ പ്രോത്സാഹിപ്പിച്ചവര്‍, കണ്ണൂരില്‍ മറ്റൊരു ബിംബത്തിന്‌വേണ്ടി ഫാന്‍സുകാര്‍ രംഗത്തെത്തിയതോടെയാണ് കണ്ണുരുട്ടല്‍ ആരംഭിച്ചത്. പ്രതിപക്ഷ നേതാക്കളെ സ്ഥാനത്തും അസ്ഥാനത്തും വ്യക്തിഹത്യ ചെയ്ത് രസിച്ച സി.പി.എം സൈബര്‍ പോരാളികള്‍ ബഹുജനങ്ങളില്‍ സൃഷ്ടിച്ച അപരത്വബോധം നേതാക്കള്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല.
സ്വയം വിമര്‍ശനം നടത്തുന്നതിന് പകരം സ്വയം പരിഹാസ്യരാകുകയാണ് തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലൂടെ സി.പി.എം. ജനങ്ങളുടെ മനോഗതി മനസ്സിലാക്കുന്നതിലുണ്ടായ പരാജയം ഏറ്റുപറയുന്നവര്‍, സര്‍ക്കാരിന്റെ പ്രകടനത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരമുണ്ടായിരുന്നുവെന്നാണ് അവകാശപ്പെടുന്നത്. യു.ഡി.എഫിനുണ്ടായ വലിയ വിജയത്തിന് ഒരു കാരണം സര്‍ക്കാര്‍ വിരുദ്ധ തരംഗം തന്നെയായിരുന്നുവെന്ന സത്യം മറച്ചുവെച്ച് വ്യക്തിപൂജ നടത്തുകയാണ് സി.പി.എം റിപ്പോര്‍ട്ടിലും ചെയ്യുന്നത്. ശബരിമല വിഷയത്തില്‍ മാത്രമല്ല, മുസ്‌ലിം വ്യക്തിനിയമത്തിന് ചട്ടങ്ങള്‍ രൂപീകരിച്ചപ്പോഴും സര്‍ക്കാരിന് തെറ്റുപറ്റി. ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ധൃതിപിടിച്ച തീരുമാനം അധ്യാപകരെ സര്‍ക്കാരില്‍ നിന്നകറ്റി. ഏകപക്ഷീമായി പ്രഖ്യാപിച്ച കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, ഭീഷണിപ്പെടുത്തി നടപ്പാക്കിയ സാലറി ചാലഞ്ച് എന്നിവ ജീവനക്കാരുടെയും എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ വലിയൊരു വിഭാഗം ജനങ്ങളെ എതിരാക്കി. കശുവണ്ടി മേഖലയിലെ അനിശ്ചിതാവസ്ഥ തൊഴിലാളികളെ നിരാശരാക്കി. സമസ്ത മേഖലയിലും പരാജയപ്പെട്ട സര്‍ക്കാരിനെതിരായ ജനവിധിയെ, സി.പി. എമ്മിന്റെ ആഭ്യന്തര പരാജയമായി മാറ്റിയെഴുതാനുള്ള ശ്രമമാണ് റിപ്പോര്‍ട്ടിലുടനീളമുള്ളത്.
സര്‍ക്കാരിന്റെ പരാജയവും പാര്‍ട്ടി നേതാക്കളുടെ ധാര്‍ഷ്ട്യവും ഇടതുപക്ഷത്തിന് നഷ്ടപ്പെട്ട വിശ്വാസ്യതയും എല്ലാം ഒന്നായി വന്‍ തിരിച്ചടി നല്‍കിയെന്ന യാഥാര്‍ത്ഥ്യമാണ് സി.പി.എം അംഗീകരിക്കേണ്ടത്. അതോടൊപ്പം സി.പി.എം സ്വയം വിമര്‍ശനം നടത്തുന്നതുപോലെ, തെറ്റുകള്‍ തിരുത്തേണ്ടതുമുണ്ട്. വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും കര്‍ഷകരുടേയും പ്രശ്‌നങ്ങളെ ആധാരമാക്കി വിപുലവും തീവ്രവുമായി സമരങ്ങള്‍കൊണ്ട് തിരിച്ചുവരാമെന്നാണ് സി.പി.എം കരുതുന്നത്. രാജ്യത്ത് മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന ജനവിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ നടപടികള്‍ക്കെതിരെ സി.പി.എമ്മിന് ആത്മാര്‍ത്ഥമായി സമരം നടത്താനുള്ള അവസരം ആവോളം ലഭിക്കാനുമിടയുണ്ട്. എന്നാല്‍ ആ അവസരം പ്രയോജനപ്പെടുത്താന്‍ സി.പി.എമ്മിന് കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പാര്‍ട്ടി നേതാക്കളെയെങ്കിലും രാഷ്ട്രീയവത്കരിക്കാന്‍ സാധിച്ചാല്‍ അണികള്‍ സമരസജ്ജരായി മുന്നോട്ടുവരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. ഇല്ലെങ്കില്‍ പശ്ചിമ ബംഗാളിനും ത്രിപുരക്കും പിന്നാലെ ബി.ജെ.പിക്ക് വോട്ടുപിടിക്കേണ്ട ഗതികേടിലാകും കേരളത്തിലേയും സി.പി.എമ്മുകാര്‍.