ദേശാഭിമാനി ജിവനക്കാരന്റെ നേതൃത്വത്തില്‍ നിഷ പുരുഷോത്തമനെതിരെ സിപിഎം സൈബറാക്രമണം

കൊച്ചി: മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമനെതിരെ വീണ്ടും സിപിഎം സൈബറാക്രമണം. ദേശാഭിമാനി ജീവനക്കാരന്റെ നേതൃത്വത്തിലാണ് ഇപ്പോഴുള്ള സൈബറാക്രമണം. ഇതിന് മുമ്പും നിഷ പുരുഷോത്തമനെതിരെ സിപിഎം സൈബറാക്രമണം നടത്തിയിരുന്നു. ദേശാഭിമാനി പത്രത്തിലെ ജീവനക്കാരനായ വിനീത് വി.യു എന്നയാള്‍ നിഷയെ വ്യക്തിപരമായി അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിന് മുമ്പ് ഉയര്‍ന്ന് വന്ന സൈബറാക്രമണങ്ങള്‍ക്കെതിരെ നിഷ പരാതി നല്‍കിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് യാതൊരു നടപടിയും ഇതുവരെ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. വീണ്ടും പരാതിയെഴുതി ഒരു കടലാസ് കൂടി എന്തിന് വേസ്റ്റാക്കണോ എന്നാണ് സംഭവത്തോട് നിഷ പ്രതികരിച്ചത്.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് നീതി കിട്ടാനിടയില്ലാത്ത സ്ത്രീകളുടെ ഗണത്തിലാണ് താനെന്നും കഴിഞ്ഞ കുറച്ചുനാളുകളായി സിപിഎം സൈബര്‍ ടീം തനിക്കെതിരെ ബോധപൂര്‍വം നടത്തുന്ന വ്യക്തിഹത്യയുടെ തുടര്‍ച്ചയായേ ഞാന്‍ ഇതിനെ കാണുന്നുള്ളൂയെന്നും നിഷ പറഞ്ഞു. മാധ്യമപ്രവര്‍ത്തനം സ്തുതിപാടലാണ് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നവരോട് തല്‍ക്കാലം സഹതപിക്കാനല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും നിഷ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ദേശാഭിമാനി ജീവനക്കാരന്റെ നേതൃത്വത്തില്‍ നടക്കുന്ന സൈബറാക്രമണത്തെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ രംഗത്തെത്തി . മാധ്യമപ്രവര്‍ത്തകര്‍ സിപിഎം നേതാക്കളെ വിമര്‍ശിക്കുന്നത് കൊണ്ടാണ് തിരിച്ച് വ്യക്തിപരമായി അധിക്ഷേപങ്ങള്‍ വരുന്നത്. നേതാക്കളെ വിമര്‍ശിച്ചാല്‍ അതുപോലെ തിരിച്ചുമുണ്ടാവും. നേതാക്കളെയും മന്ത്രിമാരെയും വിമര്‍ശിക്കുന്നതിനെ മാധ്യമസ്വാതന്ത്ര്യമായി പരിഗണിക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.