പ്രളയത്തിനിടെ ജര്‍മ്മനിയാത്ര; മന്ത്രി കെ.രാജുനോട് വിശദീകരണം ആവശ്യപ്പെട്ട് സി.പി.ഐ

തിരുവനന്തപുരം: പ്രളയ ദുരന്തത്തിനിടെ ജര്‍മ്മനിക്കുപോയ സി.പി.ഐ മന്ത്രി കെ. രാജുവിനോട് പാര്‍ട്ടി വിശദീകരണം ചോദിക്കും. സംസ്ഥാനം പ്രളയക്കെടുതിയില്‍ പെട്ട് രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകുമ്പോള്‍ കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ചുമതലയുള്ള മന്ത്രി നാടുവിട്ടത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ സംഭവം വാര്‍ത്തയായതോടെ കേന്ദ്രനേതൃത്വവും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു മാസം മുമ്പാണ് രാജു വിദേശയാത്രക്കുള്ള അനുമതി തേടിയത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന നിര്‍വാഹക സമിതി അനുവാദം നല്‍കിയത്. എന്നാല്‍ പിന്നീടുള്ള സാഹചര്യം മന്ത്രി കണക്കിലെടുക്കാതെ വരികയായിരുന്നു. പുനലൂരിലെ സ്വന്തം മണ്ഡലത്തില്‍ എത്തി കുറച്ചുദിവസം ഇവിടെ ഉണ്ടാകില്ലെന്ന് അറിയിച്ചാണ് മന്ത്രി ജര്‍മ്മനിയിലേക്ക് പോയത്. എന്നാല്‍ ഇക്കാര്യത്തില്‍ സി.പി.ഐയുമായി യാതൊരു തരത്തിലുള്ള പുനരാലോചനയും മന്ത്രി നടത്തിയതുമില്ല. വിവരമറിഞ്ഞ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രാജുവിനോട് എത്രയും വേഗം തിരിച്ചുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയും തിരിച്ചുവരാന്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി കേരളനേതാക്കളോട് വിവരം തേടി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇന്ന് ചേരാനിരുന്ന നിര്‍വാഹകസമിതിയോഗം മാറ്റിവെച്ചു. നിലവില്‍ 4,5,6 തിയ്യതികളില്‍ സംസ്ഥാന നിര്‍വാഹക സമിതിയും കൗണ്‍സിലും ചേരാന്‍ നിശ്ചയിച്ചിട്ടുണ്ട്.