സി.പി.എം നേതാക്കളുടെ കൂടുതല്‍ കയ്യേറ്റങ്ങള്‍ കണ്ടെത്താനുറച്ച് സി.പി.ഐ

 

റവന്യൂവകുപ്പ് നടപടികള്‍ ആരംഭിച്ചു
തിരുവനന്തപുരം: സി.പി.എം നേതാക്കളുടെ വന്‍കിട കയ്യേറ്റങ്ങള്‍ കണ്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടി നല്‍കാന്‍ തയാറെടുത്ത് സി.പി.ഐ. ഇതിനുള്ള നടപടികള്‍ റവന്യൂവകുപ്പ് ആരംഭിച്ചു. ജോയ്‌സ് ജോര്‍ജിന്റെ 20 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കിയത് സര്‍ക്കാരിന് വീണ്ടും തലവേദനയായി. തോമസ്ചാണ്ടിയുടെ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കല്കടറുടെ റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറല്‍ ശരിവെച്ചതിന് പിന്നാലെയാണ് ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജിന് പിടിവീണത്. ഇതിന്റെ തുടര്‍ച്ചയായി ഇടുക്കിയിലെ തന്നെ എം.എല്‍.എ ഉള്‍പെടെ പ്രമുഖ സി.പി.എം നേതാക്കളുടെ കയ്യേറ്റങ്ങള്‍ കണ്ടെത്തി പിണറായിക്ക് പണി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും സി.പി.ഐയും. ജോയ്‌സ് ജോര്‍ജ് എം.പി സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമായിക്കഴിഞ്ഞു.
മൂന്നാര്‍ ഒഴിപ്പിക്കലിന് തടസം നില്‍ക്കുകയും ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കട്ടരാമനെ സ്ഥലംമാറ്റുകയും ചെയ്ത് റവന്യൂവകുപ്പ് നടപടികള്‍ മുരടിപ്പിച്ച സി.പി.എമ്മിനെതിരെ ശക്തമായി നീങ്ങാന്‍ തന്നെയാണ് സി.പി.ഐയുടെ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.ഐ എക്‌സിക്യുട്ടീവ് യോഗത്തില്‍ ഇതുസംബന്ധിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിസഭാ യോഗത്തിലടക്കം നിശബ്ദരായിരിക്കാതെ നിലപാടുകള്‍ തുറന്നുപറയണമെന്നും സ്വന്തം വകുപ്പുകളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നുമാണ് കാനം മന്ത്രിമാരെ ഉപദേശിച്ചത്.
സി.പി.എം നേതാക്കളുടെയും ഘടകകക്ഷികളുടെയും കയ്യേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. സി.പി.ഐ കര്‍ക്കശ നിലപാടെടുക്കുകയും സംരക്ഷിക്കാനില്ലെന്ന നിലയിലേക്ക് സി.പി.എം എത്തുകയും ചെയ്തതോടെയാണ് തോമസ് ചാണ്ടിയുടെ വഴിയടഞ്ഞത്. കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയില്‍ ചാണ്ടി നല്‍കിയ ഹര്‍ജി നാളെയാണ് പരിഗണിക്കുന്നത്. കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ മന്ത്രി ഹൈക്കോടതിയെ സമീപിച്ചത് ശരിയായില്ലെന്നും സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണു ചെയ്തതെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. തെറ്റുകാരെ രക്ഷിക്കില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളിലും നിലപാടുമാറ്റം വ്യക്തമായിരുന്നു.
തോമസ്ചാണ്ടിയുടെ കാര്യത്തില്‍ സി.പി.എം കൈക്കൊള്ളുന്ന നിലപാട് ജോയ്‌സ് ജോര്‍ജിന്റെയും പി.വി അന്‍വറിന്റെ കാര്യത്തിലും സ്വീകരിക്കേണ്ടിവരും. സര്‍ക്കാര്‍ തരിശു ഭൂമിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജോയ്‌സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയത്. ഇക്കഴിഞ്ഞ ഏഴാം തിയ്യതി ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ജോയ്‌സ് ജോര്‍ജ്ജിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം കൃത്യമായ രേഖകള്‍ ഹാജരാക്കാത്തതും ഭൂമി സംബന്ധിച്ച് നഷ്ടപ്പെട്ട ചില രേഖകള്‍ സര്‍ക്കാരിന് തിരിച്ചു കിട്ടിയതുമാണ് ജോയ്‌സ് ജോര്‍ജ്ജിന് വിനയായത്. ജോയ്‌സ് ജോര്‍ജിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരിക്കുകയാണ്.

SHARE