ഇസ്മായീല്‍-കാനം പോരില്‍ ആടിയുലഞ്ഞ് സമ്മേളനം ഇസ്മായില്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി മുഖ്യമന്ത്രിയുടെ ശൈലിക്കും സമ്മേളനത്തില്‍ വിമര്‍ശനം

 

-ഷഹബാസ് വെള്ളില-
മലപ്പുറം: പാര്‍ട്ടി നേതൃത്വത്തില്‍ പിടിമുറുക്കിയ ചിലരുടെ ഗൂഢാലോചനക്ക് ഇരയാണ് താനെന്നും തന്നെ അവഹേളിക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും കാണിച്ച് സി.പി.ഐ മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്്മായില്‍ സി.പി.ഐ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ കാനം രാജേന്ദ്രന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് കെ.ഇ ഇസ്്മായിലിനെതിരെ ഗുരുതര ആരോപണങ്ങളുള്ളത്. സി.പി.ഐ സംസ്ഥാന നേതൃത്വം തന്നെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്നും ബോധപൂര്‍വം അവഹേളിക്കുന്നുവെന്നും ആരോപിച്ചാണ് കെ.ഇ ഇസ്മായില്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. സി.പി.ഐ പൊതുസമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. മൂന്ന് വര്‍ഷമായി തന്നെ വേട്ടയാടുകയാണെന്നും ഇതിന്റെ ഭാഗമായാണ് കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമ്മേളനത്തിന്റെ ഭാഗമാക്കിയതെന്നും ഇസ്മായില്‍ ആരോപിച്ചു.
പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ സമ്മേളന വേദിയിലവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഇസ്്മായിലിനെതിരെ ഗുരുതര ആരോപണങ്ങളുണ്ടായിരുന്നു. പാര്‍ട്ടി അറിയാതെ കെ ഇ ഇസ്മായില്‍ വിദേശ രാജ്യത്ത് പിരിവ് നടത്തി പാര്‍ട്ടി നേതാക്കള്‍ക്ക് യോജിക്കാത്ത വിധം ആഡംബര ഹോട്ടലില്‍ താമസിച്ചു. ഇതു സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഇസ്മായില്‍ തയാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു വര്‍ഷമായി തന്നെ വേട്ടയാടുന്നു. വിഷയത്തെ കേന്ദ്ര നേതൃത്വം ഗൗരവമായി കാണണം. വേഗത്തില്‍ നടപടി വേണം. ഇല്ലെങ്കില്‍ പലതും തുറന്നു പറയേണ്ടിവരുമെന്നും ഈ രീതി തുടര്‍ന്നാല്‍ പാര്‍ട്ടിയില്‍ നിന്നും മാറിനില്‍ക്കേണ്ടിവരുമെന്നതടക്കമുള്ള ഗൗരവമായ സൂചനകള്‍ നല്‍കിയാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ഇസ്മായില്‍ പരാതി നല്‍കിയിരിക്കുന്നത്.
വിഷയം പരിശോധിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ദേശീയ സെക്രട്ടറി സുധാകര്‍ റെഢി പറഞ്ഞു. റിപ്പോട്ടിന്മേല്‍ നടന്ന ചര്‍ച്ചയിലും ഇസ്മായിലിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. തോമസ് ചാണ്ടി വിഷയത്തില്‍ കെ.ഇ ഇസ്മായില്‍ നടത്തിയ പ്രതികരണം പാര്‍ട്ടിക്ക് വിരുദ്ധമായിരുന്നു. കോഴിക്കോടുനിന്നുള്ള പ്രതിനിധികളാണ് കാര്യമായും ഇസ്മായിലിനെതിരെ പ്രതികരിച്ചത്. വെളിയം ഭാര്‍ഗവന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന സമയത്ത് കെ.ഇ ഇസ്മായിലായിരുന്നു സി.പി.ഐയെ നയിച്ചിരുന്നത്. പുതിയ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ വന്നതോടെ ഇസ്മായില്‍ പാര്‍ട്ടിയില്‍ നിന്നും ഒറ്റപ്പെടുകയായിരുന്നു. കാനം വിഭാഗം പാര്‍ട്ടിയില്‍ ശക്തി പ്രാപിച്ചെങ്കിലും കൂടുതല്‍ എം.എല്‍.എമാരടക്കം ഇസ്മായില്‍ പക്ഷത്തുണ്ട്. എന്നാല്‍ കാനത്തിനെതിരെ പോരാടാന്‍ ഇവര്‍ അശക്തരാണ്.
സംഘടനാ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അംഗങ്ങള്‍ പ്രതികരിച്ചു. കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേര്‍ന്ന ശൈലിയല്ല മുഖ്യനെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. പിണറായി വിജയന്‍ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നത്. സി.പി.ഐ മന്ത്രിമാര്‍ നിരാശപ്പെടുത്തുകയാണെന്ന് ചില അംഗങ്ങള്‍ പരാതി പറഞ്ഞു. സി.പി.ഐ മന്ത്രിമാര്‍ക്ക് നിഷ്‌ക്രിയരാണ്. കാര്യക്ഷമമല്ല. നല്ല രീതിയില്‍ ഭരണം നടത്താന്‍ സാധിക്കുന്നില്ലെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

SHARE