വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെടുന്നതിന് രാജ്യത്ത് ചട്ടങ്ങളുണ്ട്; സര്‍ക്കാരിനും ജലീലിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരേയും മന്ത്രി കെടി ജലീലനെതിരേയും രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐയുടെ മുഖപത്രം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അവതാരങ്ങള്‍ പുറത്തുചാടുന്ന സാഹചര്യത്തില്‍, പ്രതിഭാസങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് തുറന്നടിച്ചായിരുന്നു സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ ജനയുഗത്തിലെ ലേഖനം.

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആണ് സിപിഐ രംഗത്ത് എത്തിയിരിക്കുന്നത്. മാഫിയകളും ലോബികളും ഇടത്പക്ഷ പ്രകടന പത്രികയ്ക്ക് അന്യമാണ്. കടലാസ് പദ്ധതികളുമായി വരുന്ന മാരിചന്മാരെ ഇടത്പക്ഷം തിരിച്ചറിയണം. അനാവശ്യ കൺസൾട്ടൻസി സർവ്വീസുകള്‍ സർക്കാർ ഒഴിവാക്കണമെന്നും ഇത്തരത്തിലുള്ള ചൂഷണം അനുവദിക്കരുതെന്നും ലേഖനത്തിൽ പറയുന്നുണ്ട്. 

വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെടുന്നതിന് രാജ്യത്ത് ചട്ടങ്ങളുണ്ട്. ചിലര്‍ ഇത് ദുരുപയോഗം ചെയ്തതില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി കെടി ജലീലിലനെതിരേ ജനയുഗം പരോക്ഷ വിമര്‍ശനം നടത്തിയത്.

വെറും കടലാസ് പ്രോജക്ടുകളുമായി ഭരണതലങ്ങളില്‍ സ്വാധീനിക്കാനും സര്‍ക്കാര്‍ പണം കൈക്കലാക്കാനും വരുന്ന ആധുനിക മാരീചന്‍മാരെ ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോള്‍ തിരിച്ചറിയണമെന്ന് ജനയുഗം ലേഖനം വിമര്‍ശിച്ചു. വന്‍കിട വ്യവസായ ലോബികളും റിസോര്‍ട്ട് മണല്‍ മാഫിയകളും ഊഹക്കച്ചവടക്കാരും ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയ്ക്ക് അന്യമാണ്. അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി പല അവതാരങ്ങളും ഈ ഗവണ്‍മെന്റിനെയും സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന് മുന്‍കൂട്ടി കണ്ടവരാണ് ഇടതുപക്ഷ നേതാക്കള്‍. ഇത്തരം പ്രതിഭാസങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും അത്തരം അവതാരങ്ങളുടെ വലയില്‍ ഉന്നതര്‍ വീണിട്ടുണ്ടെങ്കില്‍ അവര്‍ തന്നെ അതിനുത്തരം പറയേണ്ടതായി വരുമെന്നും ലേഖനത്തില്‍ പറയുന്നു.

സര്‍ക്കാരിന്റെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയും ഉന്നത ശ്രേണികളില്‍ ഇരുന്നുകൊണ്ട് രാജ്യദ്രോഹ കുറ്റങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയോ രാജ്യദ്യോഹികള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ സംരക്ഷണം നല്‍കുകയോ ചെയ്തിട്ടുള്ള ഒരാളും അവര്‍ എത്ര ഉന്നതരായാലും നിയമത്തിന്റെ പഴുതുകളില്‍ കൂടി പോലും രക്ഷപ്പെടാന്‍ പാടില്ലെന്നും ലേഖത്തില്‍ വ്യക്തമാക്കുന്നു.

കേരളത്തിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ ഉൾപ്പെടെ 45 ൽ പരം കൺസൾട്ടൻസി സർവീസുകൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുവെന്നും ഒഴിവാക്കാൻ കഴിയുന്ന ചൂഷണമാണ് ഇവർ നടത്തുന്നതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, പരസ്യ ടെൻഡർ ഇല്ലാതെ സർക്കാർ, അർദ്ധ സർക്കാർ, സഹകരണ സ്ഥാപന പദവികൾ ഉപയോഗിച്ച് കോടികളുടെ കരാർ നേടുകയും അത് വൻകിട‑ചെറുകിടക്കാർക്ക് സബ്‌ലെറ്റ് ചെയ്തുകൊണ്ട് (മറിച്ച് കൊടുത്ത്) കമ്മീഷൻ വാങ്ങിച്ചു മാത്രം പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളും ഉണ്ടെന്നും ഇതെല്ലാം ഒഴിവാക്കേണ്ടുന്നതാണെന്നും ലേഖനം പറയുന്നു. സ്വര്‍ണക്കടത്ത് കേസിനെ വെറും ഒരു പൈങ്കിളി കഥയാക്കി ചിത്രീകരിച്ച് യഥാര്‍ഥ കുറ്റകൃത്യത്തെ ലഘൂകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അവര്‍ പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കുന്നില്ലെന്നും സിപിഐ മുഖപത്രം ചൂണ്ടിക്കാട്ടി. മുന്നണിയുടെ പ്രകടന പത്രികയെ മറന്ന് ആതിരപ്പള്ളി പദ്ധതി പോലെ പരിസ്ഥിതി സംഹാര പദ്ധതികള്‍ കൊണ്ടുവരാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ എതിര്‍ക്കേണ്ടി വന്ന കാര്യവും ലേഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.