ഇടുക്കി: ഇടുക്കി മാങ്കുളത്ത് സംയുക്ത പരിശോധനക്ക് എത്തിയ റവന്യൂവനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരസ്യ ഭീഷണിയുമായി സി.പി.ഐ നേതാവ്. റേഞ്ച് ഓഫീസറെ കെട്ടിയിട്ട് തല്ലുമെന്നാണ് സി.പി.ഐ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസിന്റെ ഭീഷണി. നേരത്തെ ആനക്കുളം റേഞ്ച് ഓഫീസറെ ഭീഷണിപ്പെടുത്തിയത് കേസുള്ള വ്യക്തിയാണ് ഇയാള്‍. ഭീഷണിക്കെതിരെ ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയിട്ടുണ്ട്.
സ്ഥലം മാറ്റാത്തത് കെട്ടിയിട്ട് തല്ലാന്‍ വേണ്ടിയാണെന്നും തല്ലുമെന്നത് ഭീഷണിയല്ല, പാര്‍ട്ടി തീരുമാനമാണെന്നും ഇയാള്‍ പറയുന്നുണ്ട്. മാങ്കുളം അമ്പതാംമൈലില്‍ വനംവകുപ്പ് നിര്‍മിച്ച ട്രെഞ്ചിനെചൊല്ലിയുള്ള തര്‍ക്കമാണ് വനപാലകരെ ഭീഷണപ്പെടുത്തുന്നതിലേക്ക് എത്തിച്ചത്. മണ്ണിടിച്ചിലിന് കാരണമായേക്കാവുന്ന കിടങ്ങ് ഇടിച്ച് നിരത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലകളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തഹസീല്‍ദാര്‍, ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംയുക്ത പരിശോധനയ്ക്ക് എത്തിയത്.