ഇടതു പക്ഷം വോട്ടു ബാങ്ക് രാഷ്ട്രീയത്തിലേക്ക് പോയി ; സംഘപരിവാറിനെതിരെ അണിനിരക്കുന്നവരുടെ ജാതകം നോക്കേണ്ടതില്ല: കാനം രാജേന്ദ്രന്‍

 

കോഴിക്കോട്: സംഘപരിവാര്‍ശക്തികളെ എതിര്‍ക്കാന്‍ എല്ലാവരെയും അണിനിരത്തണമെന്നും കൂടെ കൂടുന്നവരുടെ ജാതകം നോക്കേണ്ടതില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കേരള ലിറ്റററി ഫെസ്റ്റിവലില്‍ ഭരണകൂടവും പൗരാവകാശവും എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും കൂടെ കൂട്ടുക എന്നതല്ല ഉദ്ദേശിക്കുന്നത്. സംഘപരിവാറനോട് എതിര്‍പ്പുള്ള ആരു വന്നാലും അവരുടെ ജാതകം നോക്കേണ്ടതില്ല കാനം വിശദീകരിച്ചു. സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസുമായി ചേര്‍ന്നുനില്‍ക്കാന്‍ സി.പി.എം വൈമുഖ്യം കാണിക്കുന്ന പശ്ചാത്തലം സൂചിപ്പിച്ചായിരുന്നു കാനത്തിന്റെ വാക്കുകള്‍.

ഇടതു പക്ഷം വോട്ടു ബാങ്ക് രാഷ്ട്രീയത്തിലേക്ക് പോയെന്നും അതു തെറ്റാണെന്നും കാനം പറഞ്ഞു. കേരളത്തിലെ നവോഥാനത്തിന്റെ ഫലം ഏറെ കിട്ടിയ ഇടതുപക്ഷത്തിന് പക്ഷെ അതു തുടരാന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പോയതു കൊണ്ടാണിത്. യഥാര്‍ത്ഥ ഇടതുപക്ഷത്തിന്റെ നിലയിലേക്ക് കേരളത്തിലെ ഇടതുപക്ഷം തിരിച്ചു വരേണ്ടിയിരിക്കുന്നു.

ജനപ്രിയനാകാനല്ല സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തുന്നത്. ഗോര്‍ബച്ചെവിനെ പോലെ നോബല്‍ സമ്മാനം കിട്ടാനുമല്ല. യഥാര്‍ത്ഥ ഇടതു പക്ഷത്തിന്റെ നിലപാടുകള്‍ ആണ് ഉന്നയിക്കുന്നത്. പലത്തിനും മാറ്റമുണ്ടക്കാന്‍ കഴിഞ്ഞു. ഭരണത്തിന്റെ ഭാഗമെന്ന നിലക്ക് ഇടതുപക്ഷ സര്‍ക്കാറിന്റെ ഭാഗത്തും പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്്്.
ഒന്നാം ഭൂപരിഷ്‌കരണം പൂര്‍ത്തിയാക്കാന്‍ ആണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു ലക്ഷം പേര്‍ക്ക് പട്ടയ വിതരണം അതിന്റെ ഭാഗമാണ്. കാനം പറഞ്ഞു.

ഇടതുമുന്നണിക്കെതിരെയും സര്‍ക്കാറിനെതിരെയും കാനം നടത്തുന്ന പല പരസ്യ വിമര്‍ശനവും പിണറായി വിജയനും കാനവും നേരിട്ട് സംസാരിച്ചാല്‍ തീരുന്നതല്ലേ എന്ന ചോദ്യത്തിന് സംസാരിക്കാത്തത് കൊണ്ട് കേരള ഭരണത്തില്‍ ഒരു പ്രശ്‌നവും ഇല്ലെന്നായിരുന്നു മറുപടി. പിണറായിയുമായി പലപ്പോഴും സംസാരിക്കാറുണ്ട്. ചിലപ്പോള്‍ ചര്‍ച്ച ചെയ്യാറില്ല.പ്രകടന പത്രിക നടപ്പാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭരണത്തെ കുറിച്ച് ചിലത് അകത്തും ചിലത് പുറത്തു പറയുകയും ചെയ്യുന്നുവെന്ന് മാത്രമേയുള്ളു.വര്‍ഗീയതയുടെ ഏറ്റവും വലിയ മറ ദേശീയതയാണെന്ന് സുനില്‍ പി ഇളയിടം പറഞ്ഞു. ഭരണകൂടം തന്നെ ജനാധിപത്യ വിരുദ്ധ തയില്‍ എത്തിയിരിക്കുന്നു. രാഷ്ട്രീയ ജനാധിപത്യം വര്‍ഗീയ ജനാധിപത്യമായിരിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ജനകീയ സമരങ്ങള്‍ മാവോ സമരം ആയി ചിത്രീകരിച്ചു അടിച്ചമര്‍ത്തുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നതെന്ന്്് അജിത പറഞ്ഞു.