സി.പി.ഐ നേതാവിന്റെ മൃതദേഹം കനോലി കനാലില്‍: സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം

തൃശൂര്‍: സി.പി.ഐ നേതാവ് കനോലി കനാലില്‍ മുങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. കൊടുങ്ങല്ലൂര്‍ കനോലി കനാലിലാണ് സി.പി.ഐ നേതാവായ പി.എം ബാബുവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. സി.പി.ഐ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം സെക്രട്ടറിയും മാള കുന്നത്തുകാട് സ്വദേശിയുമാണ് പി.എം.ബാബു.

ബാബു പുഴയില്‍ വീണത് എങ്ങനെയാണെന്ന് വ്യക്തമല്ല. സംഭവത്തില്‍ കേസെടുത്ത മാള പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ സംഭവത്തിന് പിന്നിലെ കാരണങ്ങള്‍ വെളിപ്പെടൂ എന്നാണ് മാള പൊലീസ് നല്‍കുന്ന വിവരം.

ഇന്നലെ രാവിലെയാണ് സംഭവം. പാര്‍ട്ടി ഓഫീസില്‍ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ ബാബുവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ മാള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇത് സംബന്ധിച്ച് മാള പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഒരു മൃതദേഹം കനോലി കനാലില്‍ ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് മൃതദേഹം ബാബുവിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.

അതേസമയം, ബാബുവിനെ ആരെങ്കിലും അപായപ്പെടുത്താനുള്ള സാധ്യത കുറവാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. എന്നാല്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

SHARE