കിടപ്പു രോഗികളുടെ ക്ഷേമപെന്‍ഷനില്‍ കയ്യിട്ടുവാരി സി.പി.ഐ; പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്ക് 100 രൂപ പിരിച്ചെന്ന് റിപ്പോര്‍ട്ട്

കൊല്ലം: കിടപ്പുരോഗികളുടെ ക്ഷേമ പെന്‍ഷനില്‍ നിന്ന് സി.പി.ഐ പണം വാങ്ങിച്ചെന്ന് ആരോപണം. 25ഓളം വരുന്ന കിടപ്പുരോഗികളില്‍ നിന്ന് 100 രൂപ വീതം പാര്‍ട്ടി ഫണ്ടിലേക്ക് പിരിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നുയരുന്നത്. കൊല്ലത്ത് അഞ്ചലിലാണ് സംഭവം.

അഞ്ചല്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലെ 25 ഓളം കിടപ്പുരോഗികളില്‍ നിന്നാണ് സി.പി.ഐ നിര്‍ബന്ധിത പണപ്പിരിവ് നടത്തിയത്. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്ക് എന്ന് പറഞ്ഞാണ് 100 രൂപ പിടിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. പക്ഷാഘാതം വന്ന് അഞ്ച് വര്‍ഷമായി കിടപ്പിലായ അഞ്ചല്‍ സ്വദേശിനിയുടെ ബന്ധുവാണ് ആദ്യം പരാതി ഉന്നയിച്ചത്. സി.പി.ഐ പ്രവര്‍ത്തന ഫണ്ടിന്റെ രസീതും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.

കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ ക്ഷേമപെന്‍ഷന്‍ എത്തിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, പത്താംവാര്‍ഡിലെ കിടപ്പുരോഗികളോ, ബന്ധുക്കളോ അടുത്തുള്ള അംഗന്‍വാടിയില്‍ എത്തി പണം കൈപ്പറ്റാനാണ് പഞ്ചായത്ത് അംഗം നിര്‍ദേശിച്ചത്. ഇത്തരത്തില്‍ പണം വാങ്ങാന്‍ എത്തിയവര്‍ക്കാണ്, പെന്‍ഷനില്‍ നിന്നും 100 രൂപ എടുത്തശേഷം ബാക്കി തുക കൊടുത്തത്. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്ക് 100 രൂപ എടുത്തതിന്റെ രസീതും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

SHARE