സ്പ്രിംക്ലര്‍ വിവാദത്തില്‍ മറുപടി നല്‍കാതെ വീണ്ടും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷ ശ്രമമെന്നും ഇപ്പോള്‍ അത്തരം വിവാദങ്ങള്‍ക്ക് പിറകെ പോകേണ്ട സമയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
അതേസമയം, സംസ്ഥാനത്തെ സ്വകാര്യ വിവരങ്ങള്‍ വിലല്പനക്ക് വെച്ച സ്പ്രിംക്ലര്‍ വിവാദത്തില്‍ പിണറായി വിജയന് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. സ്പ്രിങ്ക്ളര്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ എല്‍ഡിഎഫിലെ ഘടകകക്ഷിയയാ സി.പി.ഐ തന്നെ അതൃപ്തി അറിയിച്ചതായി റിപ്പോര്‍ട്ട്. മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യാതെ ഉദ്യോഗസ്ഥ തലത്തില്‍ എടുത്ത തീരുമാനത്തിന് അവര്‍ തന്നെ മറുപടി നല്‍കട്ടേയെന്നാണ് സിപിഐ നിലപാട്. ചൊവ്വാഴ്ച ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് വിവാദങ്ങള്‍ ചര്‍ച്ച ചെയ്യും.
സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷ ശ്രമം നടക്കുന്നതെന്നാണ് ‘നാം മുന്നോട്ടി’ല്‍ പിണറായി ആരോപിച്ചത്. കോവിഡിനെ പ്രതിരോധിച്ചതില്‍ സര്‍ക്കാരിന് സല്‍പ്പേര് കിട്ടരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം. ആദ്യം മുതല്‍ ഇതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. ഇപ്പോള്‍ അത്തരം വിവാദങ്ങള്‍ക്ക് പിറകെ പോകേണ്ട സമയമല്ലെന്നും അതിനെ ആ തരത്തില്‍ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.