ആതിരപ്പിള്ളി; മന്ത്രി എംഎം മണിയുടെ വാദങ്ങള്‍ തള്ളി സിപിഐ

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പദ്ധതി എല്‍ഡിഎഫിന്റെ അജണ്ടയില്‍ ഇല്ലെന്നും ജനങ്ങള്‍ എതിര്‍ക്കുന്ന ആതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുന്ന പ്രശ്നമില്ലെന്നും കാനം തുറന്നടിച്ചു. എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ പോലുമില്ലാത്ത വിഷയമാണ് ആതിരപ്പിള്ളി. ജനങ്ങളെ ദ്രോഹിച്ച് പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്നും ഇപ്പോഴുണ്ടായത് സ്വാഭാവിക നടപടിക്രമം മാത്രമെന്നും കാനം മാധ്യമങ്ങളോട് വ്യക്തമാക്കി.

സമവായ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന മന്ത്രി എംഎം മണിയുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലാല്ലോ, എന്ത് വേണമെങ്കിലും ആഗ്രഹിക്കാമെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.

ആതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണ് സിപിഎമ്മിന്റെയും തന്റെയും നിലപാടെന്നും പദ്ധതി നടപ്പാക്കേണ്ടെന്ന് എല്‍ഡിഎഫ് തീരുമാനിച്ചിട്ടില്ലെന്നും നേരത്തെ വൈദ്യുതി മന്ത്രി എംഎം മണി പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് ആതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കെഎസ്ഇബിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്.

എന്നാല്‍ ഈ വാദത്തെയാണ് ഇപ്പോള്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി തള്ളിയത്. ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ഷങ്ങളായി ഇത്തരം നിര്‍ദ്ദേശം മുന്നോട്ട് വെയ്ക്കാറുണ്ട്. എന്നാല്‍ എല്‍ഡിഎഫില്‍ ഒരു വിഷയം സംബന്ധിച്ച് നിലപാടെടുക്കുന്നത് അതിന്റെ സംസ്ഥാന സമിതിയാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.

നേരത്തെ സി.പി.ഐ അഖിലേന്ത്യാ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വവും അതിരിപ്പിള്ളി പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കെ.എസ്.ഇ.ബിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയ തീരുമാനം മാറ്റേണ്ടി വരുമെന്നും ഇടതു പക്ഷത്തിന് ഇടതുപക്ഷമായേ മുന്നോട്ട് പോകാന്‍ സാധിക്കൂവെന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്.

അതേസമയം, വൈദ്യുത മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പുതിയ എന്‍ഒസിയില്‍ വീണ്ടും പാരിസ്ഥിതിക അനുമതിക്കായ കേന്ദ്രത്തെ സമീപിക്കാനിരിക്കുകയാണ് കെഎസ്ഇബി. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്.