നവോത്ഥാന സമിതിയില്‍ പങ്കെടുത്തത് കമ്മ്യൂണിസ്റ്റുകാരില്‍ ഹിന്ദുത്വം പ്രചരിപ്പിക്കാനെന്ന് സി.പി. സുഗതന്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് രൂപീകരിച്ച നവോത്ഥാന സമിതിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പങ്കാളികളായത് അത് പൊളിക്കാനും കമ്യൂണിസ്റ്റുകാര്‍ക്കിടയില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രരിപ്പിക്കാനുമാണെന്ന് സമിതി മുന്‍ ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതന്‍. പൗരത്വ പ്രക്ഷോഭത്തിന് ഇറങ്ങുന്ന രാഹുല്‍ ഈശ്വറിനെതിരെ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലാണ് സുഗതന്റെ വിശദീകരണം. പോസ്റ്റിനടിയിലെ ചര്‍ച്ചയിലുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് സുഗതന്റെ വെളിപ്പെടുത്തല്‍.

സംഘപരിവാറിനെക്കുറിച്ച്‌ ഹരി പ്രഭാസ് എന്നയാള്‍ ഉന്നയിച്ച ചോദ്യത്തിന് സി.പി സുഗതന്‍ നല്‍കുന്ന മറുപടി ഇങ്ങനെ: ‘ എന്റെ മദര്‍ ഓര്‍ഗനൈസേഷന്‍ സംഘം (ആര്‍.എസ്.എസ്) ആകുന്നു. ഞാന്‍ ബി.ജെ.പിക്കാരെയും അവരുടെ ആള്‍ക്കാരെയും പരട്ട തെറി വിളിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടായിരിക്കും. മോദിയുടെ ഒന്നാം ഭരണത്തിലെ ചില നയങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷെ എവിടെയെങ്കിലും സംഘത്തിനെ വിമര്‍ശിച്ചു നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇല്ല. അതാണ് സ്വയംസേവകര്‍. രാജ്യത്തോടും സംഘത്തോടും എന്നും ഘഛഥഅഘ ആയിരിക്കും. പ്രൊ ഹിന്ദു ഐഡിയോളജി കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ വളര്‍ത്താന്‍ പറ്റുമോ എന്നു പരീക്ഷിക്കാനാണ് പിണറായിയുടെ നവോഥാനത്തില്‍ പോയി പിന്നീട് അത് പൊളിച്ചു കളഞ്ഞത്”.

പിണറായി വിജയനും കെ.ടി ജലീല്‍ അടക്കമുള്ള മന്ത്രിമാരും കൊട്ടിഘോഷിച്ചാണ് ആര്‍.എസ്.എസ് നേതാവും കടുത്ത വര്‍ഗീയവാദുയുമായ സുഗതനെ നവോത്ഥാന നായകനായി പ്രതിഷ്ഠിച്ചത്. ഖലീഫ ഉമറിനെപ്പോലെ മനംമാറ്റം സംഭവിച്ച മഹാനാണ് സി.പി സുഗതന്‍ എന്നായിരുന്നു കെ.ടി ജലീല്‍ പ്രസംഗിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ വാദം പൊളിയുന്നതാണ് സുഗതന്റെ പുതിയ പ്രസ്താവന.

SHARE