‘പൗരത്വ പ്രക്ഷോഭക്കാര്‍ വാഗണ്‍ ട്രാജഡി ഓര്‍ക്കുന്നത് നന്നായിരിക്കും’; ഭീഷണിയുമായി കെടി ജലീലിന്റെ ഖലീഫ ഉമര്‍

തിരുവനന്തപുരം: ഡല്‍ഹിയില്‍ നടക്കുന്ന മുസ്ലിം വംശഹത്യയിലും പ്രകോപനപരമായ പരാമര്‍ശവുമായി തീവ്രഹിന്ദുത്വവാദി സിപി സുഗതന്‍. ഡല്‍ഹിയില്‍ മാപ്പിള ലഹള ആരംഭിച്ചോ എന്നും അതിനെ പിന്തുണക്കുന്നവര്‍ വാഗണ്‍ ട്രാജഡി ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും സിപി സുഗതന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സുഗതന്റെ ഭീഷണി. ഇന്നലെയാണ് ഡല്‍ഹിയില്‍ മുസ്ലിംവംശഹത്യ ആരംഭിച്ചത്.

ശബരിമല വിഷയത്തിലുള്‍പ്പെടെ നവോത്ഥാന നായകപ്പട്ടം ചമഞ്ഞ് സിപിഎമ്മിന്റെയൊപ്പം കൂടിയ ആളാണ് സിപി സുഗതന്‍. ഖലീഫ ഉമര്‍ എന്നായിരുന്നു കെടി ജലീല്‍ സുഗതനെ വിശേഷിപ്പിച്ചത്. ഇതും കൂടി പരാമര്‍ശിച്ചാണ് സുഗതനെ ആളുകള്‍ വിമര്‍ശിക്കുന്നത്. എന്നാല്‍ പോസ്റ്റിന് താഴെ അനുകൂലിക്കുന്നവരും എത്തുന്നുണ്ട്.

അതേസമയം, ഡല്‍ഹിയില്‍ മരണം ഏഴായി. ഏറ്റുമുട്ടലില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗോകുല്‍പുരി എ.സി.പി. ഓഫീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലും (42) നാട്ടുകാരനായ ഫര്‍ഖന്‍ അന്‍സാരിയും (32) ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ശാഹ്ദ്ര ഡി.സി.പി. അമിത് ശര്‍മയുള്‍പ്പെടെ അമ്പതോളംപേര്‍ക്കു പരിക്കേറ്റു. ഇതേത്തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

കല്ലേറില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാലിന്റെ മരണത്തിനിടയാക്കിയത്. അക്രമത്തില്‍ പരിക്കേറ്റ അഞ്ചു പേര്‍ ചികിത്സയിലിരിക്കെയാണ് കൊല്ലപ്പെട്ടത്. അക്രമികളുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഗുരു തേജ് ബഹാദൂര്‍ ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്. പരിക്കേറ്റ നിലയില്‍ ജി.ടി.ബി. ആസ്പത്രിയിലെത്തിച്ചശേഷമാണ് ഫര്‍ഖന്‍ അന്‍സാരി മരിച്ചത്. അന്‍സാരിക്ക് വെടിയേറ്റതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഏഴ് പേര്‍ വെടിയേറ്റ് വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്.

SHARE