കൊറോണ: സ്ഥിതി നിയന്ത്രണവിധേയം; ആശങ്കപ്പെടേണ്ടതില്ലെന്ന് പത്തനംതിട്ട കലക്ടര്‍ പി.ബി നൂഹ്

പത്തനംതിട്ട: ജില്ലയില്‍ അഞ്ചുപേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമൊന്നും നിലവിലില്ലെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഫെബ്രുവരി 29ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശികളായ മൂന്നു യാത്രക്കാര്‍ക്കും ഇവരുമായി അടുത്തിടപഴകിയ ബന്ധുക്കളായ രണ്ടുപേര്‍ക്കും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കലക്ടറുടെ കുറിപ്പ്.
നിലവില്‍ അഞ്ചുപേര്‍ക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. അഞ്ചുപേരും പത്തനംതിട്ട ജനറല്‍ ആസ്പത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണെന്നും ഇവരുടെ നില തൃപ്തികരമാണെന്നും കളക്ടര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ജില്ലയില് അഞ്ചു പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട സ്ഥിതി നിയന്ത്രണ വിധേയമാണ്, ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

ഫെബ്രുവരി 29ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഇറ്റലിയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശികളായ മൂന്നു യാത്രക്കാര്‍ക്കും ഇവരുമായി അടുത്തിടപഴകിയ ബന്ധുക്കളായ രണ്ടു പേര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. അഞ്ചുപേരും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ഇവരുടെ നില തൃപ്തികരമാണ്.

ശനിയാഴ്ച രാത്രിയാണ് അഞ്ചുപേര്‍ക്കും രോഗം സ്ഥിരീകരിച്ചത്. ഇതിനു ശേഷം ആരോഗ്യ സെക്രട്ടറിയുടെയും എന്‍എച്ച്എം ഡയറക്ടറുടെയും നേതൃത്വത്തില്‍ പ്രധാനപ്പെട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് രാത്രി തന്നെ വീഡിയോ കോണ്‍ഫറന്‍സ് നടത്തി സ്ഥിതി വിലയിരുത്തി. വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി. പുലര്‍ച്ചെ 2.30ന് ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. അടിയന്തിരമായി സ്വീകരിക്കേണ്ട എല്ലാ ആക്ഷന്‍ പ്ലാനും ഈ യോഗത്തില്‍ തീരുമാനിച്ചു.

കോവിഡ്19 സ്ഥിരീകരിക്കപ്പെട്ടവര്‍ ഫെബ്രുവരി 29ന് കേരളത്തില്‍ എത്തിയതു മുതല്‍ മാര്‍ച്ച് ആറിന് ആശുപത്രിയില്‍ അഡ്മിറ്റ് ആയതു വരെയുള്ള സമയത്ത് ഇവരുമായി ഇടപഴകിയിട്ടുള്ളവരുടെ വിവരം ശേഖരിക്കുന്നതിന് നടപടി സ്വീകരിച്ചു. ഇടപഴകിയവരുടെ ആരോഗ്യനില പരിശോധിക്കും. ഇതിനായി എട്ട് ടീമുകളെ നിയോഗിച്ചു. ഒരു ടീമില്‍ രണ്ടു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഏഴു പേര്‍ ഉണ്ടാകും. കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടവര്‍ പോയിട്ടുള്ള എല്ലാ സ്ഥലങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നു (ഞായര്‍) വൈകുന്നേരത്തോടെ ഇവര്‍ ഇടപഴകിയിട്ടുള്ള മുഴുവന്‍ പേരുടെയും പട്ടിക തയാറാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പട്ടികയില്‍ വരുന്ന ആരോഗ്യപ്രശ്‌നങ്ങളുള്ള എല്ലാവരേയും ആശുപത്രികളിലെ ഐസൊലേഷന്‍ മുറികളില്‍ പ്രവേശിപ്പിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവരെ വീട്ടില്‍ തന്നെ നിരീക്ഷണ വിധേയമാക്കും.

വിശദമായ പരിശോധന ഇന്നു(ഞായറാഴ്ച) വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരെ കണ്ടെത്തി ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും. ആവശ്യമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കും.

കോവിഡ് 19 നെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന് പൊതുജനങ്ങളുടെ വലിയ സഹകരണം ആവശ്യമുണ്ട്. വിദേശരാഷ്ട്രങ്ങളില്‍ നിന്നു വന്നിട്ടുള്ളവര്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം. ഇവരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയണം. സഹകരിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കേണ്ടതായി വരും.

ഇറ്റലി, ഇറാന്‍, ചൈന, ദക്ഷിണകൊറിയ എന്നീ നാലു രാഷ്ട്രങ്ങളില്‍ നിന്നു വരുന്ന ആളുകള്‍ നിര്‍ബന്ധമായും ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. ആരോഗ്യവകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും രണ്ട് കണ്‍ട്രോള്‍ റൂം അടക്കം അഞ്ച് കണ്‍ട്രോള്‍ റൂം നമ്പരുകള്‍(ജില്ലാ മെഡിക്കല്‍ ഓഫീസ് 0468 2228220, ദുരന്തനിവാരണ വിഭാഗം 04682322515, ടോള്‍ഫ്രീ നമ്പര്‍1077, 9188293118, 9188803119) സജ്ജമാക്കിയിട്ടുണ്ട്. ഈ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടതെന്ന നിര്‍ദേശം ലഭിക്കും. പ്രാഥമികമായി ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂം നമ്പരിലാണ് ബന്ധപ്പെടേണ്ടത്. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ ആശുപത്രിയില്‍ പോകേണ്ടതായി വരും. ഇങ്ങനെയുള്ളവര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം.

ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലെ വൈസ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും നാല് ഡോക്ടര്‍മാരും എത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ യോഗം ഇന്ന്(ഞായറാഴ്ച) വൈകിട്ട് മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

പത്തനംതിട്ട ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

SHARE