കോവിഡുകാലത്ത് വീണുകിടക്കുന്നവര്‍ക്കു താങ്ങായി അബ്ദുറഹ്മാന്‍; ഹജ്ജിനുപോവാന്‍ കൂട്ടിവെച്ച പണംമുഴുവന്‍ എടുത്ത് പാവങ്ങളെ സഹായിച്ചു


ഹജ്ജിന് പോവാന്‍ കൂട്ടിവെച്ച പണം മുഴുവന്‍ പാവങ്ങളെ സഹായിക്കാന്‍ വിട്ടുനല്‍കി ഗൂഡിനബിയിലെ അബ്ദുറഹ്മാന്‍. മംഗലാപുരത്തിനടുത്ത ബന്തവാല്‍ താലൂക്കിലെ ദിവസകൂലിത്തൊഴിലാളിയായ വ്യക്തിയാണ് ഈ സുമനസിനുടമ. കടങ്ങളും കടപ്പാടുമെല്ലാം വീട്ടിത്തീര്‍ത്ത് ഹജ്ജിന് പോവാന്‍ കാലങ്ങളായി സമ്പാദ്യം സ്വരുക്കൂട്ടി വരികയായിരുന്നു. എന്നാല്‍ കോവിഡ് കാരണം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആളുകളുടെ ബുദ്ധിമുട്ട് മനസിലാക്കി ആ തുക പാവങ്ങള്‍ക്ക് ആഹാരസാധനങ്ങള്‍ വാങ്ങുവാനായി തന്റെ പണം വിട്ടുനല്‍കുകയായിരുന്നു.

കുറിപ്പ് വായിക്കാം:

അഞ്ച് മിനിറ്റ് മുന്‍പ് വരെ ഈ മനുഷ്യന്‍ തീര്‍ത്തും അപരിചിതനായിരുന്നു. ഇപ്പോള്‍ ഈ ചിത്രം എനിക്ക് പ്രൊഫൈല്‍ ചിത്രമാക്കാന്‍ തോന്നുന്നു. മംഗലാപുരത്തിനടുത്ത ബന്തവാല്‍ താലൂക്കിലെ ഒരു കൂലി ജോലിക്കാരനാണിദ്ദേഹം.
അടുത്തുള്ള ചാക്ക് നിറയെ അദ്ദേഹത്തിന്റെ സമ്പാദ്യങ്ങളാണ്.
ഈ മനുഷ്യന്‍ ഇക്കാലമത്രയൂം ജീവിച്ചത് ഒരു സ്വപ്നവുമായിട്ടാണ്. കടങ്ങളും കടപ്പാടുകളുമെല്ലാം വീട്ടണം, എന്നിട്ട് പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാന്‍ പുറപ്പെടണം. വണ്ടിക്കു പോകാതെ കിലോമീറ്ററുകള്‍ നടന്നും
പാലൊഴിക്കാതെ കാപ്പി കുടിച്ചും കറിയൊഴിവാക്കി റൊട്ടി കഴിച്ചും സ്വരൂപിച്ചു കൂട്ടിയിട്ടുണ്ടാവും ഹജ്ജ് യാത്രക്കുള്ള വഴിച്ചിലവ്. എന്നാല്‍ ഹജ്ജിനായി സ്വരൂപിച്ച തുകയെല്ലാം സാധുക്കള്‍ക്ക് ആഹാര സാധനങ്ങള്‍ വാങ്ങുവാനായി ചെലവഴിച്ചിരിക്കുന്നു ആ വലിയ മനുഷ്യന്‍. തനിക്ക് ചുറ്റും മനുഷ്യര്‍ ഭക്ഷണമില്ലാതെ വിശന്നിരിക്കുന്ന ഘട്ടത്തില്‍ തന്റെ കടങ്ങള്‍ തീര്‍ന്നിട്ടില്ല എന്ന് അദ്ദേഹം കരുതിക്കാണണം.
പടച്ചവന്‍ വിധിയേകിയാല്‍ അദ്ദേഹത്തിന്റെ ജീവിതസ്വപ്നം സാധിക്കുമാറാകട്ടെ.
ഇനി മക്കത്ത് പോകാനായില്ലെങ്കിലും
ഗൂഡിനബലിയിലെ അബ്ദുല്‍ റഹ്മാന്‍ എനിക്കിനിമേല്‍ ഹാജിക്കയാണ്. താങ്കള്‍ക്കു മേല്‍ ദൈവത്തിന്റെ കാരുണ്യവും സമാധാനവും ഉണ്ടാവട്ടെ.

SHARE