ഓരോ മിനിറ്റിലും അഞ്ച് വീതം ജീവന്‍ വീതം കവര്‍ന്ന് കോവിഡ്; വിറങ്ങലിച്ച് ലോക വന്‍ശക്തികള്‍


ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ആകെ മരിച്ചവരുടെ എണ്ണം 102,734 ആയി. ഇതില്‍ 70,000ത്തോളം മരണം യൂറോപ്പിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6974 പേര്‍ മരിച്ചു. ഒരോ മിനിറ്റിലും അഞ്ച് പേര്‍ എന്ന തോതിലാണ് മരണ നിരക്ക് ഉയരുന്നത്. 95,000 മരണവും 30 ദിവസത്തിനിടെയാണ്.

1,699,631 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചിരിക്കുന്നത്. 376,102 പേര്‍ രോഗമുക്തരായി. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത് അമേരിക്കയിലാണ്. 499,252 പേര്‍. സ്പെയിന്‍ 158,273, ഇറ്റലി 147,577, ഫ്രാന്‍സ് 125,931 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങള്‍.

ഏറ്റവും കൂടുതല്‍ മരണം നടന്നിരിക്കുന്നത് ഇറ്റലിയിലാണ്- 18,849 പേര്‍. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 2000ത്തിലേറെ മരണം സംഭവിച്ചു. ആകെ മരണം 18,686, സ്പെയിന്‍ 16,081, ഫ്രാന്‍സ് 13,197, യുകെ 8,958 എന്നിങ്ങനെയാണ് ഏറ്റവും ഉയര്‍ന്ന മരണനിരക്കുള്ള മറ്റു രാജ്യങ്ങള്‍.

ഇന്ത്യയില്‍ 896 കോവിഡ് 19 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേര്‍ രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചു. ഇന്ത്യയില്‍ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7,062 ആയി. ആകെ മരണസംഖ്യ 229 ആണ്.

SHARE