മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാതാവ് കോവിഡ് ബാധിച്ച് മരിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാതാവ് ഡോളര്‍സ് സലാകാരി കോവിഡ് ബാധിച്ചു മരിച്ചു. 82 വയസായിരുന്നു. സ്‌പെയിനിലെ ബാഴ്‌സിലോനയിലാണ് അന്ത്യം. ബാഴ്‌സിലോനയിലാണ് ഗ്വാര്‍ഡിയോളയുടെ സ്വദേശം. മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ് ട്വിറ്ററിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്.

മരണത്തില്‍ ഫുട്‌ബോള്‍ ലോകം അനുശോചനം രേഖപ്പെടുത്തി. ഗ്വാര്‍ഡിയോളയുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി മാഞ്ചസ്റ്റര്‍ സിറ്റി അറിയിച്ചു.

കോവിഡ് രോഗത്തിന്റെ പശ്ചാതലത്തില്‍ കഴിഞ്ഞ മാസം ഗ്വാര്‍ഡിയോള ബാഴ്‌സിലോനയിലെ മെഡിക്കല്‍ കോളജിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിലേക്കായി ഒരു മില്യന്‍ യൂറോ സംഭാവന നല്‍കിയിരുന്നു.

കോവിഡ് ബാധിച്ച് സ്‌പെയിനില്‍ ഇതുവരെ 13,341 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 700 പേര്‍ മരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 136,675 ആണ്. 40,437 ആളുകള്‍ക്ക് രോഗം സുഖപ്പെട്ടിട്ടുണ്ട്.