ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അടിയന്തര സഹായങ്ങള്‍ എത്തിക്കണം: ഹൈദരലി തങ്ങള്‍

മലപ്പുറം: ഇന്ത്യയിലും വിദേശത്തും കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്, കെഎംസിസി പ്രവര്‍ത്തകരും മറ്റു സന്നദ്ധ പ്രവര്‍ത്തകരും എല്ലാ പിന്തുണയും സഹായവും എത്തിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. നഴ്സുമാര്‍ക്ക് ഭക്ഷണം എത്തിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
പലരും സ്വന്തം ജീവന്‍ പോലും വകവെക്കാതെയാണ് പ്രതിരോധ പ്രവര്‍ത്തനത്തായി ഇറങ്ങുന്നത്.

കോവിഡ് രോഗം ബാധിച്ചു വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള മലയാളി നഴ്‌സുമാര്‍ പലരുടെയും ആത്മഗതത്തിലുണ്ട് ആശുപത്രികളുടെ അവസ്ഥ. ഭക്ഷണം പോലും കൃത്യമായി ലഭിക്കുന്നില്ല, ചോര്‍ന്നൊലിക്കുന്ന ശുചിമുറിയും മറ്റു സാഹചര്യങ്ങളുമാണുള്ളത്. കുടിക്കാന്‍ ശുദ്ധ ജലം പോലും പലയിടത്തുമില്ല. എല്ലാ സൗകര്യങ്ങളുമൊരുക്കിയെന്നു വിവിധ സര്‍ക്കാറുകള്‍ പറയുമ്പോഴും ഡല്‍ഹിയിലെ രാജീവ് ഗാന്ധി ആശുപത്രിയിലുള്‍പ്പെടെ ഇതാണ് അവസ്ഥ.

വേണ്ടത്ര മാസ്‌ക് പോലുമില്ലാതെയാണു പലയിടത്തും നഴ്‌സുമാര്‍ ജോലി ചെയ്യുന്നത്.
രോഗത്തിന്റെ ആദ്യ നാളുകളില്‍ പോലും കൃത്യമായ നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. എന്‍95 മാസ്‌കും മറ്റ് സുരക്ഷയുമില്ലാതെയാണ് ഇവിടെ നഴ്‌സുമാര്‍ ജോലി ചെയ്തത്. പിപിഇ കിറ്റ് പോലും പലര്‍ക്കും ലഭിച്ചതു കഴിഞ്ഞ ദിവസങ്ങളിലാണ്.

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. വിദേശത്ത് കര്‍ഫ്യൂ ,ലോക്ക് ഡൗണ്‍ പോലുള്ള ജാഗ്രതാ നടപടികള്‍ ഉണ്ടെങ്കിലും ലേബര്‍ ക്യാമ്പുകളിലും മറ്റും 100 കണക്കിനാളുകള്‍ ഒരുമിച്ച് താമസിക്കുന്നത് ആശങ്കയ്ക്ക് വഴിവയ്ക്കുന്നു.
ഇതില്‍ മലയാളികള്‍ ഉള്‍പ്പെടെ പലര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. നിയന്ത്രങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിയതോടെ പലരുടെയും വരുമാന മാര്‍ഗം തടസപ്പട്ടു. അതുകൊണ്ട് തന്നെ നാട്ടിലേക്ക് വരാനുള്ള ആവശ്യം ഇവരുടെ ഭാഗത്ത് നിന്ന് ശക്തമാവുകയാണ്.
വിദേശത്തുള്ള മലയാളികളില്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, ജോലി നഷ്ടപ്പെട്ടവര്‍ ഇങ്ങനെ നിരവധിയാണ്. ഇവരെ ഘട്ടം ഘട്ടമായി നാട്ടിലെത്തിക്കണം.
മാത്രമല്ല, ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് സ്വയം ഐസോലോഷനില്‍ പോകാനുള്ള സൗകര്യമൊരുക്കാന്‍ കെ.എം.സി.സി നടപടികള്‍ സ്വീകരിച്ചു വരികയാണ്.