തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കു മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ സ്പ്രിന്‍ക്ലര്‍ കമ്പനി സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ടതില്ലെന്ന് സര്‍ക്കാരിന്റെ അനൗദ്യോഗിക നിര്‍ദേശം. housevisit.kerala.gov.in എന്ന സര്‍ക്കാര്‍ സൈറ്റില്‍ വിവരശേഖരണം നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. നേരത്തെ ഇതു സംബന്ധിച്ച സര്‍ക്കാരിന്റെ പൊള്ളത്തരത്തിനെതിരെ രമേശ് ചെന്നിത്തല രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ തീരുമാനം.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. കോവിഡ് ഡാറ്റ സ്വകാര്യ കമ്പനിക്ക് നല്‍കുന്നതിനെതിരെ പ്രതിപക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.
സ്പ്രിന്‍ക്ലര്‍ കമ്പനിയുടെ സൈറ്റില്‍ ഉണ്ടായിരുന്ന ഐടി സെക്രട്ടറിയുടെ വിഡിയോയും നീക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ സെര്‍വര്‍ സജ്ജമാകാത്തതിനാലാണ് സ്പ്രിന്‍ക്ലര്‍ കമ്പനിയുടെ ഇന്ത്യയിലെ സര്‍വ്വറില്‍ വിവരങ്ങള്‍ സൂക്ഷിച്ചതെന്നും സര്‍ക്കാര്‍ സെര്‍വര്‍ സജ്ജമായപ്പോള്‍ അതിലേക്ക് വിവരങ്ങള്‍ മാറ്റിയെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. ഇത്രയും നാളില്ലാത്ത സൗകര്യങ്ങള്‍ ഇപ്പോള്‍ പെട്ടെന്ന് എങ്ങനെ ഉണ്ടായെന്ന് പ്രതിപക്ഷം ചോദിക്കുന്നു.
അമേരിക്കന്‍ കമ്പനിയായ സ്പ്രിന്‍ക്ലറുമായുള്ള ഇടപാടിലെ സുപ്രധാന വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് മറച്ചു വയ്ക്കുകയും ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയും ചെയ്യുന്നത് ദൂരൂഹത വര്‍ദ്ധിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
സര്‍ക്കാര്‍ തലത്തില്‍ ശേഖരിക്കുന്ന വിവരം സംസ്ഥാന സര്‍ക്കാരിന്റെ ഡാറ്റാ സെന്ററിലേക്ക് എന്തു കൊണ്ട് അപ്ലോഡ് ചെയ്യുന്നില്ലെന്നും പകരം അമേരിക്കന്‍ കമ്പനിയുടെ വെബ്പോര്‍ട്ടലായ sprinklr.com ല്‍ നേരിട്ട് അപ് ലോഡ് ചെയ്യുന്നത് എന്തിനാണെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.