കോവിഡ് കാലത്ത് വിവാഹം ഇങ്ങനെയും; സൂം ആപ്പിലൂടെ നികാഹ് കഴിച്ച് എംഎം അക്ബറിന്റെ മകന്‍

യു.എ റസാഖ്

തിരൂരങ്ങാടി: കോവിഡ് കാലത്ത് പുതിയ മാതൃക സൃഷ്ടിച്ച് ഓണ്‍ലൈന്‍ നികാഹ് അരങ്ങേറി. പ്രമുഖ പണ്ഡിതനും മുജാഹിദ് നേതാവും പീസ് എഡുക്കേഷന്‍ ചെയര്‍മാനുമായ എം.എം അക്ബറിന്റെ മകന്‍ അത്വീഫ് അബ്ദുറഹ്മാന്റെയും വയനാട് സ്വദേശിയായ ടി.കെ അബ്ദുന്നാസറിന്റെ മകള്‍ നൈല ജാസ്മിന്റെയും നികാഹാണ് ഓണ്‍ലൈനിലൂടെ നടന്നത്.

കാനഡയില്‍ പഠനം നടത്തുന്ന പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശിയായ അത്വീഫ് അബ്ദുര്‍ റഹ്മാനും ബാഗ്ലൂരില്‍ വിദ്യാര്‍ത്ഥിനിയായ വയനാട് സ്വദേശിനി നൈല ജാസ്മിനും അതത് സ്ഥലങ്ങളില്‍ നിന്നു തന്നെയാണ് വിവാഹത്തില്‍ പങ്കാളിയായത്. കോവിഡ് തീര്‍ക്കുന്ന പ്രതിസന്ധിയില്‍ വിദൂരതയില്‍ നിന്നും വധുവിനെയും കുടുംബത്തെയും സൂം ആപ്പ് വഴി കണ്ടാണ് കാനഡയില്‍ നിന്നും വരന്‍ വിവാഹത്തില്‍ പങ്കെടുത്തത്. ഓണ്‍ലൈനിലൂടെയുള്ള ചടങ്ങുകള്‍ക്ക് കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. ഓണ്‍ലൈനിലൂടെ തന്നെയായിരുന്നു ഇവരുടെ വിവാഹ നിശ്ചയവും പെണ്ണ് കാണലുമെല്ലാം നടന്നത്. ഓണ്‍ലൈന്‍ ലിങ്ക് ഉള്‍പ്പെടെ നല്‍കിയായിരുന്നു വിവാഹ ക്ഷണക്കത്ത് ഒരുക്കിയതും.

വിവാഹത്തിന് ശേഷവും മുമ്പും ഇരുകുടുംബങ്ങളിലെയും സ്ത്രീകളുടെ സംഗമവും ഓണ്‍ലൈനായി നടന്നു.
പത്തപ്പിരിയം സ്വദേശി എ.പി അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മകള്‍ ലൈലയാണ് അത്വീഫ് അബ്ദുര്‍ റഹ്മാന്റെ മാതാവ്. കെ.ഹമീലിയാണ് വധു നൈല ജാസ്മിന്റെ മാതാവ്. ഇരുവീടുകളിലും വിവാഹം ഓണ്‍ലൈനായി ദര്‍ശിക്കുന്നതിന് സൗകര്യമൊരുക്കിയിരുന്നു. ഓണ്‍ലൈന്‍ നികാഹിലൂടെ കോവിഡ് കാലത്ത് ഇങ്ങനെയും വിവാഹം കഴിക്കാമെന്ന് കാണിക്കുകയാണ് ഈ കുടുംബം.

SHARE