അമിത്ഷാക്കു പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്കും കോവിഡ്


ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റീനില്‍ പോകണമെന്നും യെദിയൂരപ്പ ട്വീറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രിയുടെ വിധാന്‍ സൗധയിലെ ഓഫീസ് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ യെദിയൂരപ്പ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടതോടെയാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.മേദാന്ത മെഡിസിറ്റി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

അമിത് ഷാ തന്നെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ എത്തിയവര്‍ ഉടന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കേന്ദ്രസര്‍ക്കാരില്‍ കൊവിഡ് ഏകോപന ചുമതല വഹിച്ചിരുന്നത് അമിത് ഷായാണ്. അതേസമയം തന്റെ ആരോഗ്യനിലയില്‍ ഭയപ്പെടേണ്ടതായ ഒന്നുമില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

SHARE