വുഹാനില്‍ കോവിഡ് മുക്തരായ 90 ശതമാനം ആളുകള്‍ക്കും ഈ പ്രശ്‌നമുണ്ട്


വുഹാനില്‍ കൊവിഡ് മുക്തരായ 90 ശതമാനം ആളുകള്‍ക്കും ശ്വാസകോശക്ഷതമെന്ന് റിപ്പോര്‍ട്ട്. രോഗം ഭേദമായ അഞ്ച് ശതമാനം ആളുകള്‍ക്ക് വീണ്ടും കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കുകയും അവര്‍ ക്വാറന്റീനില്‍ പ്രവേശിക്കുകയും ചെയ്തു എന്നും റിപ്പോര്‍ട്ടുകളുണ്ട്, വുഹാനിലെ ഷോങ്‌നാന്‍ ആശുപത്രിയുടെ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട്.

ഏപ്രിലില്‍ കൊവിഡ് മുക്തരായ 100 ആളുകളെ ആശുപത്രിയിലെ ഐസിയു ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം നിരീക്ഷിച്ചു വരികയായിരുന്നു. 59 ആയിരുന്നു ഇവരുടെ ശരാശരി പ്രായം. പഠന റിപ്പോര്‍ട്ട് പ്രകാരം 90 ശതമാനം രോഗികള്‍ക്കും ശ്വാസകോശക്ഷതം ഉള്ളതായി കണ്ടെത്തി. പൂര്‍ണ ആരോഗ്യമുള്ളവരുടെ അത്രയും നന്നായി ഇവരുടെ ശ്വാസകോശം ജോലി ചെയ്യാന്‍ തുടങ്ങിയിട്ടില്ലെന്ന് പഠനത്തില്‍ സൂചിപ്പിക്കുന്നു. രോഗമുക്തരായി മൂന്നു മാസങ്ങള്‍ക്കു ശേഷവും ചിലര്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ മാത്രമേ ശ്വസിക്കാന്‍ കഴിയുന്നുള്ളൂ എന്നും സംഘം കണ്ടെത്തി.

10 ശതമാനം രോഗികളില്‍ കൊവിഡ് ആന്റിബോഡികള്‍ അപ്രത്യക്ഷമായി. കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് അഞ്ച് ശതമാനം ആളുകളെ വീണ്ടും ക്വാറന്റീനിലാക്കുകയും ചെയ്തു.

ലോകത്തില്‍ ആദ്യമായി വുഹാനിലാണ് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. 68,138 കൊവിഡ് കേസുകളാണ് ഇതുവരെ ഹുബേ പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഹുബേയുടെ തലസ്ഥാനമാണ് വുഹാന്‍. 4,512 പേര്‍ ഹുബേയില്‍ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.

ചൈനയില്‍ 27 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആകെ 84,491 കേസുകളാണ് ഇതുവരെ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 810 പേര്‍ ഇപ്പോഴും ചികിത്സയിലുണ്ട്. ഇതില്‍ 36 പേര്‍ ഗുരുതരവസ്ഥയിലാണ്. 79,047 പേര്‍ രോഗമുക്തരായി.

SHARE