കോവിഡ്; നാലു ലക്ഷം കേസിലെക്കെത്താന്‍ എടുത്തത് നാലു മാസം എട്ടുലക്ഷത്തിലേക്കെത്തിയത് വെറും ഒരാഴ്ച കൊണ്ട്


ലണ്ടന്‍: കൊറോണ മഹാമാരി അതിവേഗം ബഹുദൂരം സഞ്ചരിക്കുന്നതായി കണക്കുകള്‍. ഒരു കേസില്‍ നിന്ന് നാലു ലക്ഷത്തിലേക്ക് എത്താന്‍ നാലു മാസത്തെ ദൂരമാണ് കോവിഡ് എടുത്തതെങ്കില്‍ നാലില്‍ നിന്ന് എട്ടു ലക്ഷത്തിലെത്താന്‍ എടുത്ത സമയം വറും ഒരാഴ്ചയാണ്. പ്രതീക്ഷിച്ചതിലും വേഗത്തില്‍ ലോകമുടനീളം കോവിഡ് പടര്‍ന്നു പിടിക്കുന്നു എന്നര്‍ത്ഥം. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ കണക്ക് പ്രകാരം ഇന്നാണ് കൊറോണ പോസിറ്റീവ് കേസുകള്‍ എട്ടു ലക്ഷം കടന്നത്. മൊത്തം 800,049. 38,714 മരണങ്ങളും ലോകത്തുടനീളം റിപ്പോര്‍ട്ട് ചെയ്തു. 170,325 പേര്‍ രോഗമുക്തി നേടി.

യു.എസാണ് കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച രാഷ്ട്രം. രണ്ടാമത് ഇറ്റലി. മൂന്നാമത് സ്പെയിനും നാലാമത് ചൈനയും. യു.എസില്‍ 164,610 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ 101,739 ഉം സ്പെയിനില്‍ 94,417 ഉം കേസുകള്‍. സ്പെയിനില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 849 മരണങ്ങളാണ്. രാജ്യത്ത് മൊത്തം മരിച്ചവരുടെ എണ്ണം ഇതോടെ 8,189 ആയി. ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 837 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ മൊത്തം മരണ സംഖ്യ 12,428 ആയി ഉയര്‍ന്നു. യു.കെയില്‍ 25,150 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,789 മരണങ്ങളുമുണ്ടായി. ഇന്ന് മാത്രം 381 മരണമാണ് ബ്രിട്ടിനിലുണ്ടായത്. ഇന്ത്യയില്‍ ഇതുവരെയുള്ള കേസുകള്‍ 1,397 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 35 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

SHARE