വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന്റെ പഴ്സനല്‍ അസിസ്റ്റന്റിനു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറ്റ് ഹൗസ് ജിവനക്കാരില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ആയി.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇവാന്‍കയ്ക്കൊപ്പം പിഎ ജോലി ചെയ്തിരുന്നില്ല എന്നാണ് രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു മാസമായി അവര്‍ വൈറ്റ് ഹൗസിനു പുറത്തു നിന്നാണ് ജോലി നോക്കിയിരുന്നതെന്നും ഒരു ജാഗ്രതയുടെ ഭാഗമായി പരിശോധിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്കു രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നതായാണ് സൂചന.
ഇവാന്‍കയും ഭര്‍ത്താവ് ജാറെദ് കഷ്നറും കോവിഡ് പരിശോധന നടത്തിയിരുന്നു. ഇന്നലെ വന്ന ഇരുവരുടെയും ഫലം നെഗറ്റീവാണ്. യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെ മാധ്യമ സെക്രട്ടറിയായ കാത്തി മില്ലര്‍ക്ക് കോവിഡ് പൊസിറ്റീവായതിനു പിന്നാലെയാണ് ഇപ്പോള്‍ ഇവാന്‍കയുടെ പിഎയ്ക്കും രോഗം സ്ഥിരീകരിച്ചത്. ഡോണള്‍ഡ് ട്രംപിന്റെ ഓഫിസിലെ ഉദ്യോഗസ്ഥന്റെ ഭാര്യയാണ് കാത്തി. കഴിഞ്ഞ ദിവസം ട്രംപിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിരുന്നു.