സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 28 പേരില്‍ 25 പേരും എത്തിയത് ദുബായില്‍ നിന്ന്. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ച 19 പേരും കാസര്‍ഗോഡ് സ്വദേശികളാണ്. അഞ്ച് പേര് കണ്ണൂര്‍ സ്വദേശികളും രണ്ട് പേര് എറണാകുളം ജില്ലക്കാരുമാണ്. തൃശൂര്‍ പത്തനംതിട്ട സ്വദേശികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സംശയത്തില്‍ 64320 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 63937 പേര് വീടുകളിലും 383 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 122 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അനിയന്ത്രിതമായ സാഹചര്യത്തിലേക്ക് സംസ്ഥാനം കടന്നതായി മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 31 വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിര്‍ത്തികള്‍ ഇതിനോടകം അടച്ചു. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കുന്നതായിരിക്കും. എല്‍പിജി, പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളുടെ എല്ലാ ചടങ്ങുകളും നിര്‍ത്തിവയ്ക്കും. റെസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല. ഹോം ഡെലിവറി അനുവദിക്കും എല്ലാ അവശ്യ സാധനങ്ങളുടേയും ലഭ്യത ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.