യു.എ.ഇ കെ.എം.സി.സി നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കുന്നു

യു.എ.ഇയില്‍ ഉള്ള നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ ലിസ്റ്റ് കെ.എം.സി.സി തയ്യാറാക്കുന്നു. യാത്രാവിലക്കു നീങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ കണക്കെടുപ്പാണ് കെ.എം.സി.സി നടത്തുന്നത്. അതിനായി https://forms.gle/st94vkmhzncNDmYa8 എന്ന ലിങ്കില്‍ കയറി പേരുവിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

അനുമതി ലഭിച്ചാല്‍ അര്‍ഹതപ്പെട്ടവര്‍ക്കു കാലതാമസമില്ലാതെ യാത്ര സാധ്യമാക്കാന്‍ ഈ രജിസ്‌ട്രേഷന്‍ സഹായകമാകും. എത്രത്തോളം ആളുകള്‍ യു.എ.ഇയില്‍ നിന്നും നാട്ടിലെത്താനുള്ള അവസരം കാത്തിരിക്കുന്നു എന്നറിയാനും ഈ രേഖകള്‍ സഹായിക്കും.

കോവിഡ് 19 വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ മാതൃരാജ്യത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന പ്രവാസികളുടെ പട്ടികയാണ് കെ.എം.സി.സി തെയ്യാറാക്കുന്നത്. വാര്‍ഷിക അവധി ലഭിച്ചവര്‍, നേരത്തേ തന്നെ അവധി കിട്ടിയിട്ടും നാട്ടിലേക്ക് പോവാന്‍ കഴിയാത്തവര്‍, സന്ദര്‍ശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാനാവാതെ വന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രയോജനപ്പെടുന്നതിനു വേണ്ടിയാണ് ഈ സംവിധാനമൊരുക്കുന്നതെന്ന് കെ.എം.സി.സി അറിയിച്ചു.

ഇവരില്‍ നിന്ന് പരിശോധനയില്‍ കോവിഡ് രോഗമില്ലെന്ന് സ്ഥിരീകരിച്ചവര്‍ക്ക്, വിമാന സര്‍വീസുകള്‍ അടിയന്തരമായി ഏര്‍പ്പെടുത്തി നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളോടും നയതന്ത്ര കാര്യാലയങ്ങളോടും ആവശ്യപ്പെടുന്നതിന്റെ ഭാഗമായാണിത്.

SHARE