ചെന്നൈയില്‍ 11 മാധ്യമ പ്രവര്‍ത്തകര്‍ക്കു കൂടി കോവിഡ്; ആശങ്കയോടെ തമിഴ്‌നാട്


കോവിഡ് രോഗികളുടെ എണ്ണം എണ്ണായിരം കടന്നതിന്റെ ഞെട്ടലില്‍ തമിഴ്‌നാട്. ഇന്നലെ മാത്രം 898 പേര്‍ക്ക് രോഗം ബാധിച്ചു. രണ്ടു യുവതികളടക്കം ആറു പേര്‍ മരണത്തിനു കീഴടങ്ങിയതോടെ മരണ സംഖ്യ അന്‍പത്തിമൂന്നായി . ചെന്നൈയിലെ മൂന്നു ചാനലുകളിലെ 11 മാധ്യമ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ വന്‍ ഇളവ് നല്‍കിയ ദിവസം തമിഴ്കത്ത് കോവിഡിന്റെ പിടിയിലായരുടെ എണ്ണം ഇന്നേ വരെയുണ്ടായതില്‍ വച്ച് ഏറ്റവും വലുത്. 798 പേരാണ് ഒരു ദിവസം കൊണ്ട് രോഗികളായത്. പതിവുപോലെ ചെന്നൈയാണ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ ഇന്ന് മാത്രം 538 പേരാണ് രോഗികളായത്. ഇതോടെ ചെന്നൈയിലെ രോഗികളുടെ എണ്ണം നാലായിരത്തി മുന്നൂറ്റി എഴുപത്തിയൊന്നായി. സംസ്ഥാനത്താകെ രോഗികളുടെ എണ്ണം 8002 ആയി ഉയര്‍ന്നു.

അതിനിടെ, മരണ സംഖ്യയും പിടിതരാതെ കുതിക്കുകയാണ്. ഇന്നലെ മാത്രം മരിച്ചത് ആറുേപര്‍.ചെന്നൈയില്‍ നാലുപേര്‍. കടലൂരിലും കന്യാകുമാരിയിലും ഒരോരുത്തര്‍ വീതം. മരിച്ചവരില്‍ 32 ഉം 36 വയസ് പ്രായമുള്ള സ്ത്രീകളുമുണ്ട്. ഇരുവര്‍ക്കും പ്രമേഹവും ആസ്തമയും ഉണ്ടായിരുന്നു. ഇതോടെ മരണ സംഖ്യ അന്‍പത്തിമൂന്നായി. ചെന്നൈയാണ് മരണത്തിലും മുന്നില്‍ 32 പേര്‍ക്കാണ് നഗരത്തില്‍ ജീവന്‍ നഷ്ടമായത്.അതിനിടെ പുതിയ ആശങ്കയായ ചെന്നൈയിലെ മാധ്യമ ക്ലസ്റ്ററില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നു ന്യൂസ് ചാനലുകളിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രോഗം ബാധിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം 44 ആയി.

SHARE