ലക്ഷണങ്ങളില്ലാതെ കോവിഡ് വന്നാലും രോഗം പകരും

കോവിഡ് ബാധിച്ചവരില്‍ 80 ശതമാനവും കാര്യമായ ലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിച്ചവരാണ്. എന്നാല്‍ ലക്ഷണങ്ങളില്ല എന്നത് രോഗം പരത്താനുള്ള ശേഷിയെ ഒട്ടും കുറയ്ക്കുന്നില്ലെന്ന് ദക്ഷിണ കൊറിയയിലെ ഗവേഷകര്‍ പറയുന്നു. കോവിഡ് രോഗലക്ഷണങ്ങളുളള രോഗികളുടെ അത്ര തന്നെ തീവ്രതയോടെ ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളില്‍നിന്നും രോഗം പടരാമെന്ന് ജാമ ഇന്റേണല്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം ചൂണ്ടിക്കാണിക്കുന്നു.

രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളുടെ മൂക്കിലും തൊണ്ടയിലും ശ്വാസകോശത്തിലും ലക്ഷണങ്ങളുള്ളവരുടേതിന് സമാനമായ അളവില്‍ വൈറസ് ഉണ്ടാകുമെന്നും പഠനം പറയുന്നു. ദക്ഷിണ കൊറിയയിലെ സൂന്‍ചുന്‍ഹ്യാങ് യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

മാര്‍ച്ച് 6 നും 26 നും ഇടയ്ക്ക് 300 ലധികം രോഗികളില്‍നിന്ന് ഇതിനായി സ്വാബ് ശേഖരിച്ചു. ഇവരില്‍ 193 പേര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരും 110 പേര്‍ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്തവരും ആയിരുന്നു. ഇവരുടെ ഉള്ളിലെ വൈറസ് സാന്നിധ്യമാണ് ഗവേഷകര്‍ മുഖ്യമായും പരിശോധിച്ചത്.

രോഗബാധിതരെ ലക്ഷണങ്ങളുടെ തീവ്രത നോക്കാതെ ഐസലേറ്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഈ ഗവേഷണ പഠനം അടിവരയിടുന്നു. എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള്‍ ലക്ഷണങ്ങളുള്ളവരെ അപേക്ഷിച്ച് വേഗത്തില്‍ നെഗറ്റീവാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോവിഡ് ബാധിച്ച 30 ശതമാനത്തോളം പേര്‍ക്ക് ഒരു രോഗലക്ഷണങ്ങളും വരണമെന്നില്ലെന്ന് മുന്‍പ് നടത്തിയ ചില പഠനങ്ങളില്‍ തെളിഞ്ഞിരുന്നു.

SHARE