കോവിഡ്19; ലക്ഷണങ്ങള്‍ അപ്രത്യക്ഷമായാലും രോഗം പടരാം


കൊവിഡ് 19ന്റെ ലക്ഷണങ്ങള്‍ ഭേദമായാലും രോഗിയില്‍ നിന്ന് രോഗം പടരാന്‍ സാധ്യതയുണ്ടെന്നാണ് എയില്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരുടെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ കൊവിഡ് സ്ഥിരീകരിച്ച ആളുകള്‍ അവരുടെ ക്വാറന്റീന്‍ കാലം കുറച്ചു കൂടി നീട്ടണം എന്നാണ് ഗവേഷകര്‍ പറയുന്നത്.

ലക്ഷണങ്ങള്‍ കാണിച്ച രോഗികള്‍ ഭേദമായാലും രണ്ടാഴ്ച കൂടി ഐസോലേഷന്‍ ചെയ്യണം എന്നും പഠനം പറയുന്നു. രോഗം ഭേദമായ രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയ രോഗികളുടെ തൊണ്ടയില്‍ നിന്നുള്ള സ്വാബ് ശേഖരിച്ച ശേഷമാണ് ഈ പഠനം നടന്നത്. അമേരിക്കന്‍ ജേണല്‍ ഓഫ് റെസ്പിറേറ്ററി ആന്‍ഡ് ക്രിട്ടിക്കല്‍ കെയറില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബീജിങ്ങിലെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ആയ രോഗികളുടെ സാംപിള്‍ ആണ് ശേഖരിച്ചത്. ഇവര്‍ക്കെല്ലാം ജലദോഷം, ശ്വാസതടസ്സം, പനി, ചുമ എന്നീ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഈ ലക്ഷണങ്ങള്‍ അപ്രത്യക്ഷമായ ശേഷവും ഇവര്‍ കൊറോണ വൈറസ് വാഹകരായിരുന്നു എന്ന് പുതിയ പഠനം പറയുന്നു.

കൂടിയ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് രോഗം ഭേദമായാല്‍ അവര്‍ വൈറസ് വാഹകരായി മാറുന്ന സമയം ഇതിലും ദീര്‍ഘമായിരിക്കും എന്ന് എയില്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഡോക്ടര്‍ ലോകേഷ് ശര്‍മ പറയുന്നു.

SHARE