കോവിഡ്19; സ്‌പെയിനില്‍ മരണം 10,000 കടന്നു


കൊവിഡ്-19 ബാധിച്ച് സ്പെയിനില്‍ മരിച്ചവരുടെ എണ്ണം 10003 ആയി. ഒറ്റ ദിവസം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 950 ആയി എന്നാണ് പുതിയ കണക്ക്. ബുധനാഴ്ചത്തെ അപേക്ഷിച്ച് രോഗവ്യാപനത്തില്‍ 8 ശതമാനം വര്‍ധനവ് ഉണ്ടായതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 110238 പേര്‍ക്കാണ് ഇതുവരെ സ്പെയിനില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറ്റലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം നടന്നിരിക്കുന്നത് സ്പെയിനിലാണ്.

സ്പെയിനിനു പുറമെ കൊവിഡ്-19 മൂലം അമേരിക്കയിലും യു.കെയിലും മരണനിരക്ക് ക്രമാതീതമായി ഉയരുന്നുണ്ട്. കൊവിഡ് റിപ്പോര്‍ട്ട് ചെയതതിനു ശേഷം ഈ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടുതല്‍ മരണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. അമേരിക്കയില്‍ 884 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 213000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. മരിച്ചവരില്‍ ആറാഴ്ച പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു.

യു.കെയില്‍ 563 പേര്‍ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. ദുഖകരമായ ദിനം എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസത്തെ വിശേഷിപ്പിച്ചത്. ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47200 ആയി. 938000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 194400 പേര്‍ക്ക് രോഗം ഭേദമായി.