ഷാഹിദ് അഫ്രീദിക്കും കുടുംബത്തിനും കോവിഡ് സുഖപ്പെട്ടു


മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി കൊവിഡ് മുക്തനായി. താനും ഭാര്യയും രണ്ട് മക്കളും കൊവിഡ് ബാധയില്‍ നിന്ന് മുക്തരായതായി അഫ്രീദി അറിയിച്ചു. തങ്ങളുടെ എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് അദ്ദേഹം അറിയിച്ചു. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് അഫ്രീദി വിശേഷം പങ്കുവച്ചത്.

”ദൈവത്തിനു നന്ദി. ഭാര്യയും മക്കളും വീണ്ടും കൊവിഡ് പരിശോധന നടത്തുകയും ഫലം നെഗറ്റീവ് ആവുകയും ചെയ്തു. നിങ്ങളുടെ ആശംസകള്‍ക്ക് നന്ദി. നിങ്ങളെയും വേണ്ടപ്പെട്ടവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഇനി കുടുംബത്തിനൊപ്പം. കുഞ്ഞിനെ ചേര്‍ത്ത് പിടിക്കുന്നത് ഞാന്‍ മിസ് ചെയ്യുകയായിരുന്നു”- കുഞ്ഞിനെ ചുംബിക്കുന്ന ചിത്രം പങ്കുവച്ച് അഫ്രീദി കുറിച്ചു.

ജൂണ്‍ 13നാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വ്യാഴാഴ്ച മുതല്‍ ശാരീരികാസ്വാസ്ഥ്യം നേരിടുകയാണെന്നും പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയതെന്നുമായിരുന്നു ട്വീറ്റ്. എല്ലാവരുടേയും പ്രാര്‍ത്ഥന ഒപ്പം വേണമെന്നും ട്വീറ്റില്‍ കുറിച്ചു. ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്‍ എന്ന ജീവകാരുണ്യ സ്ഥാപനത്തിലൂടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ഷാഹിദ് അഫ്രീദി.

SHARE