സഊദിയില്‍ ഈ വര്‍ഷം 12 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് പഠനം


റിയാദ്- സഊദി അറേബ്യയില്‍ ഈ വര്‍ഷം 12 ലക്ഷം വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്.
ജദ്വ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടേതാണ് പ്രവചനം. ഹോസ്പിറ്റാലിറ്റി, ഫുഡ് സര്‍വീസ്, അഡ്മിനിസ്ട്രേറ്റീവ്, വാടക, ലീസ് തുടങ്ങിയ അനുബന്ധ പ്രവര്‍ത്തനങ്ങള്‍, ട്രാവല്‍ ഏജന്‍സികള്‍, സുരക്ഷ, കെട്ടിട സേവനങ്ങള്‍ തുടങ്ങിയ മേഖലകളാണ് ഏറ്റവും കൂടുതല്‍ വിദേശികളെ പുറന്തള്ളുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ധാരാളം വിദേശികള്‍ രാജ്യം വിട്ടാലും 2020 അവസാനത്തോടെ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 12 ശതമാനമായി തുടരുമെന്നും ജദ്വ നിക്ഷേപ കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ പല മേഖലകള്‍ക്കും സമീപഭാവിയിലൊന്നും അവരുടെ ബിസിനസ് തിരിച്ചുപടിക്കാനാകുമെന്ന്് കരുതുന്നില്ല. കോവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ക്രമേണ പൂര്‍ണമായി പിന്‍വലിച്ചാലും ട്രാവല്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ടൂറിസം, വിനോദ മേഖലകള്‍ എന്നീ മേഖലകളുടെ പ്രതിസന്ധി അവസാനിക്കില്ല.

മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തൊഴില്‍ സുരക്ഷാ പദ്ധതിയും സ്വദേശിവല്‍ക്കരണവും സൗദി പൗരന്മാര്‍ക്ക് സ്വകാര്യമേഖലയില്‍ ജോലി നിലനിര്‍ത്താന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.