റിയാദ്: സൗദി അറേബ്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവേശം പകർന്ന് രോഗമുക്തരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 2,53,349 രോഗികളിൽ 2,03,259 പേരും സുഖം പ്രാപിച്ചത് വലിയ ആശ്വാസമാണ് രാജ്യത്തിന് നൽകുന്നത്. 5,524 പേരാണ് ഒറ്റ ദിവസത്തിനിടെ സുഖം പ്രാപിച്ചത്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെടുകയും ചെയ്തു. 24 മണിക്കൂറിനിടെ പരിശോധനഫലം പോസിറ്റീവായത് 2,429 പേർക്ക് മാത്രമാണ്. രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 47,567 ആയി കുറയുകയും ചെയ്തു. ഇതിൽ 2196 പേരാണ് ഗുരുതരസ്ഥിതിയിൽ തീവ്രപരിചരണ വിഭാഗത്തിലുള്ളത്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
അതേസമയം കോവിഡ് മൂലമുള്ള മരണസംഖ്യ തിങ്കളാഴ്ച 2523 ആയി ഉയർന്നു. 37 പേരുടെ മരണമാണ് പുതുതായി രേഖപ്പെടുത്തിയത്. റിയാദ് 9, ജിദ്ദ 6, മക്ക 1, ദമ്മാം 1, മദീന 1, ഹുഫൂഫ് 1, ത്വാഇഫ് 4, ബുറൈദ 2, ഹാഇൽ 2, ഹഫർ അൽബാത്വിൻ 2, അൽഖർജ് 2, ബീഷ 2, ജീസാൻ 1, അൽറസ് 1, സകാക 1, ശഖ്റ 1 എന്നിവിടങ്ങളിലാണ് പുതിയ മരണങ്ങളുണ്ടായത്. എന്നാൽ കോവിഡ് പരിശോധനയിൽ ഒരു കുറവും വരുത്തിയിട്ടില്ല. തിങ്കളാഴ്ച പുറത്തുവന്നത് 57,498 ടെസ്റ്റുകളുടെ ഫലമാണ്. രാജ്യത്താകെ ഇതുവരെ 2,728,424 ടെസ്റ്റുകൾ നടത്തി. രാജ്യത്തെ ചെറുതും വലുതുമായ 203 പട്ടണങ്ങളാണ് രോഗത്തിെൻറ പിടിയിലായത്.