ലോകത്ത് ആദ്യമായി റഷ്യയില്‍ കോവിഡ് വാക്‌സിനേഷന്‍; പുടിന്റെ മകള്‍ക്കും നല്‍കി

മോസ്‌കോ: റഷ്യയില്‍ കോവിഡ് വാക്‌സിനേഷന് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി. തന്റെ മകള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ എടുത്തതായി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വെളിപ്പെടുത്തി. ഫലപ്രദമായ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച് അംഗീകാരം നല്‍കുന്ന ആദ്യരാജ്യമാണ് റഷ്യയെന്ന് പുടിന്‍ അവകാശപ്പെട്ടു.

മോസ്‌കോയിലെ ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്‌സിന്‍ രണ്ടുമാസം മനുഷ്യരില്‍ പരീക്ഷണത്തിനുശേഷമാണ് അംഗീകാരം നല്‍കിയത്. എന്നാല്‍ അന്തിമസുരക്ഷാപരിശോധന പൂര്‍ത്തിയാകും മുന്‍പാണ് വാക്‌സിന്‍ ഉപയോഗം തുടങ്ങുന്നത്. ഇതിനോടകം വാക്‌സിന്റെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടെന്നാണ് പുടിന്റെ അവകാശവാദം. ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, മറ്റ് മേഖലകളില്‍ രോഗസാധ്യതയുളള വിഭാഗങ്ങള്‍ എന്നിവര്‍ക്കാകും ആദ്യം വാക്‌സിന്‍ നല്‍കുക. ഉടന്‍ വ്യാപകമായ തോതില്‍ ഉല്‍പാദനം തുടങ്ങാനാകുമെന്ന് പുടിന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

വാക്‌സിന്‍ രംഗത്ത് ലോകരാജ്യങ്ങള്‍ തമ്മിലുളള കിടമല്‍സരത്തില്‍ മുന്നിലെത്താനാണ് റഷ്യയുടെ തിരക്കിട്ട നീക്കം. മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കാതെ ഉപയോഗിക്കുന്നതില്‍ ഗവേഷകര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

SHARE