കോവിഡ് കാലത്തെ റമസാന്‍ വ്രതം എങ്ങനെയായിരിക്കണം? ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍

ലോകമെമ്പാടുമുള്ള വിശ്വാസികള്‍ റമസാന്‍ വ്രതം അനുഷ്ഠിക്കുകയാണ്. എന്നാല്‍ കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പലരുടേയും ഉള്ളിലുദിക്കുന്ന സംശയമാണ് ഭക്ഷണവും വെള്ളവും വെടിഞ്ഞ് നോമ്പ് നോല്‍ക്കുന്നത് പ്രതിരോധ ശേഷി കുറയ്ക്കുമോ എന്നത്. വ്രതമെടുക്കുന്നത് പ്രതിരോധ ശേഷിയെ ബാധിക്കില്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന ഉത്തരം. ആരോഗ്യമുള്ള വ്യക്തിക്ക് റമദാന്‍ വ്രതം എടുക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ റമസാന്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. നോമ്പ് തുറന്നതിന് ശേഷം ധാരാളം വെള്ളവും അസംസ്‌കൃത ഭക്ഷണപദാര്‍ത്ഥങ്ങളും കഴിക്കണമെന്ന് സംഘടന പറയുന്നു. അസുഖമുള്ളവര്‍ വ്രതമെടുക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

വ്രതമെടുക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് യുകെയിലെ എന്‍എച്എസ് ഡോക്ടറും മുതിര്‍ന്ന സര്‍വകലാശാല അധ്യാപകനുമായ ഡോ.ആമിര്‍ ഖാന്‍ അഭിപ്രായപ്പെട്ടു. മറ്റ് മാര്‍ഗങ്ങളില്‍ നിന്ന് പോഷകളൊന്നും ലഭിക്കാത്തതിനാല്‍ ശരീരം ‘എനര്‍ജി കണ്‍സര്‍വേഷന്‍ മോഡിലേക്ക്’ മാറുകയും നശിച്ചുതുടങ്ങിയ ഇമ്യൂണ്‍ കോശങ്ങളെ നന്നാക്കി ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോമ്പ് മുറിക്കുന്ന സമയത്ത് പൊരിച്ച ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത് വ്രതമെടുക്കുമ്പോഴുള്ള പ്രയോജനങ്ങള്‍ ശരീരത്തിന് നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

SHARE