കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നത് അതീവ ഗൗരവമുള്ളത്: രമേശ് ചെന്നിത്തല


സ്പ്രിംക്ളര്‍ വിവാദത്തില്‍ കൂടുതല്‍ ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിലും കാസര്‍ഗോട്ടും ഉള്ള കൊവിഡ് രോഗബാധിതരുടെ വിവരങ്ങള്‍ ചോര്‍ന്ന കാര്യം അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്പ്രിംക്ളര്‍ കരാറില്‍ പ്രതിപക്ഷത്തിന്റെ ആശങ്കകള്‍ യാഥാര്‍ത്ഥ്യമാകുന്നതിന്റെ സൂചനയാണ് ഈ സംഭവം. അതേസമയം സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

സ്പ്രിംക്ളറിന്റെ വിവര ശേഖരണത്തെപ്പറ്റിയുള്ള ആശങ്ക പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ അത് കുരുട്ടു ബുദ്ധിയാണെന്ന് പറഞ്ഞ് പരിഹസിച്ചവര്‍ക്ക് ഈ പശ്ചാത്തലത്തില്‍ എന്താണ് പറയാനുള്ളതെന്ന് ചെന്നിത്തല. സ്പ്രിംക്ലര്‍ കരാറിലും ഡാറ്റയുടെ ചോര്‍ച്ച തടയുന്ന കാര്യത്തില്‍ ഇതേ ലാഘവ ബുദ്ധിയാണ് സര്‍ക്കാര്‍ കാണിച്ചതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതിയും അത് സമ്മതിച്ചു. വിവര ചോര്‍ച്ച തടയുന്നതിനുള്ള നിബന്ധനകള്‍ കൊണ്ടുവരികയും ചെയ്തു.

രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരശേഖരണവും വിശകലനവും ആണ് കമ്പനി ചെയ്യുന്നതെങ്കില്‍ എന്തിന് പ്രത്യേക പൊലീസ് സംവിധാനം ഒരുക്കിയതെന്ന ചോദ്യം ഉദിക്കുന്നുണ്ട്. ഈ വിവര ചോര്‍ച്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കതിരെ ശക്തമായ നടപടി എടുക്കണം. പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും രമേശ് ചെന്നിത്തല.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ കൊവിഡ് രോഗികളുടെ എല്ലാ വിവരങ്ങളും പുറത്തായിരുന്നു. ഗൂഗിള്‍ മാപ്പില്‍ രോഗികളുടെ മേല്‍വിലാസം ഉള്‍പ്പെടെയുള്ള പൂര്‍ണ വിവരങ്ങള്‍ ലഭ്യമാണ്. രോഗികള്‍ക്ക് ഫോണ്‍ കോളുകള്‍ വരുന്ന സംഭവത്തില്‍ അന്വേഷണം നടന്നതോടെയാണ് വിവരങ്ങള്‍ ചോര്‍ന്ന സംഭവം പുറത്തായത്. രണ്ട് ജില്ലകളിലും പൊലീസ് പ്രത്യേക ആപ്പ് പുറത്തിറക്കിയിരുന്നു.

SHARE